തോൽവി 3 വർഷങ്ങൾക്ക് ശേഷം; അർജന്റീനയ്ക്ക് നഷ്ടമായത് അപൂർവ്വ ലോക റെക്കോർഡ്
കടുത്ത നിരാശയിലാണ് ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായിരുന്ന അർജന്റീനയെ അട്ടിമറി വിജയത്തിലൂടെയാണ് സൗദി അറേബ്യ കീഴടക്കിയത്. അപ്രതീക്ഷിതമായ തോൽവി നൽകിയ ആഘാതത്തിൽ നിന്ന് അർജന്റീന ആരാധകർ ഇപ്പോഴും മുക്തരായിട്ടില്ല.
3 വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ഒരു മത്സരം തോൽക്കുന്നത്. 36 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള അർജന്റീനയുടെ ജൈത്രയാത്രയ്ക്കാണ് ഇന്ന് സൗദി അറേബ്യ അന്ത്യം കുറിച്ചത്. 2019 ലെ കോപ്പ അമേരിക്ക സെമി മത്സരത്തിൽ തോറ്റതിന് ശേഷം ഇന്ന് സൗദിക്കെതിരെയാണ് അർജന്റീന ആദ്യമായി പരാജയം രുചിക്കുന്നത്. 36 മത്സരങ്ങളില്‍ 25 വിജയങ്ങളും 11 സമനിലകളുമാണ് സ്കലോനിയുടെ ടീം നേടിയത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് ടീം ഖത്തറിലെത്തിയത്.
ഇന്നത്തെ മത്സരത്തിൽ സമനില നേടിയിരുന്നെങ്കിൽ പോലും ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽക്കാതെ മുന്നേറിയ ഇറ്റലിയുടെ റെക്കോർഡിനൊപ്പം എത്താനുള്ള സുവർണാവസരമാണ് അർജന്റീന കൈവിട്ടത്. 37 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഇറ്റലി കുതിച്ചത്. സൗദിയോട് ദയനീയമായി പരാജയപ്പെട്ടതോട് കൂടി അർജന്റീനയ്ക്ക് ഈ റെക്കോർഡിനെ പറ്റി ഇനി മറക്കാം.
Read More: “സർ, 3 മണിക്ക് സ്കൂൾ വിടാമോ, അർജന്റീനയുടെ കളി കാണണം..”; രസകരമായ കത്ത് വൈറലാവുന്നു
ലുസൈല്‍ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ അർജന്റീനയെ തോൽപിച്ചത്. മെസിയിലൂടെ അർജന്റീന തന്നെയാണ് ആദ്യം മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് സൗദിക്കായി സലേ അല്‍ഷെഹ്രിയും സലീം അല്‍ദാവസാരിയും വലകുലുക്കിയതോടെ സൗദി അട്ടിമറി വിജയം നേടുകയായിരുന്നു.സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ് സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം. സൂപ്പർ താരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്.
Story Highlights: Argentina lost world record