പകരം വീട്ടി ബ്ലാസ്റ്റേഴ്‌സ്; ഹൈദരാബാദിനെതിരെയുള്ള ജയത്തോടെ പോയിന്റ് പട്ടികയിൽ കൊമ്പന്മാർ മൂന്നാമത്

ഒടുവിൽ കഴിഞ്ഞ സീസണിലെ ഫൈനലിലേറ്റ പരാജയത്തിന് ബ്ലാസ്റ്റേഴ്‌സ് കണക്ക് തീർത്തു. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 18-ാം മിനുട്ടിൽ ദിമിത്രിയോസാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ നേടിയത്. ഹൈദരാബാദിന്റെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. ജയത്തോടെ ഏഴ് കളിയില്‍ 12 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 16 പോയിന്‍റുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്തുള്ളത്. 15 പോയിന്‍റുമായി മുംബൈ സിറ്റി എഫ്‌സിയാണ് രണ്ടാമത്.
തുടർച്ചയായ ജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോവയ്‌ക്കെതിരെ വമ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ തകർത്തത്. ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ കരസ്ഥമാക്കിയത്.
അതേ സമയം കഴിഞ്ഞ സീസണിലെ ഫൈനലിൽ വലിയ പ്രതീക്ഷയോടെ ഹൈദരാബാദ് എഫ്സിയെ നേരിടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം നേടുകയായിരുന്നു. കിരീടം നേടാനായില്ലെങ്കിലും പൊരുതി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി സമ്മതിച്ചത്.
Read More: ഇത്തവണ വനിതകളുടെ വിസിൽ മുഴങ്ങും; ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരം നിയന്ത്രിക്കാൻ വനിത റഫറിമാർ
തുടക്കം മുതൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആദ്യം ലീഡെടുത്തത്. മലയാളി കൂടിയായ കെ പി രാഹുലിന്റെ അതിമനോഹരമായ ഒരു ഗോൾ ഹൈദരാബാദിന്റെ ഗോൾ വല തുളഞ്ഞാണ് കയറിയത്. എന്നാൽ കളി തീരാൻ രണ്ട് മിനുട്ട് ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് സാഹിൽ ടാവോറയിലൂടെ ഗോൾ മടക്കി ഹൈദരാബാദ് സമനില നേടി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയ്ക്ക് മുൻപിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സ് വീഴുകയായിരുന്നു. ഇന്നത്തെ ജയത്തോടെ ഈ തോൽവിക്ക് പകരം വീട്ടിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
Story Highlights: Blasters won against hyderabad fc