10 വിക്കറ്റിന്റെ കനത്ത തോൽവി; ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്

November 10, 2022

ഇംഗ്ലണ്ടിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങി ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ് ഇന്ത്യ. 10 വിക്കറ്റിന്റെ സമ്പൂർണ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 86 റൺസ് നേടിയ അലക്‌സ് ഹെയ്ല്‍സിന്റെയും 80 റൺസ് നേടിയ ജോസ് ബട്ലറിന്റെയും കൂറ്റനടികളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറി മാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.

നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസാണ് അടിച്ചു കൂട്ടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി.

പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്ത് തന്നെ ഇന്നും ഇറങ്ങി. അതേ സമയം രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരുക്കേറ്റ ഡേവിഡ് മലാനും മാര്‍ക്ക് വുഡിനും പകരം ഫിലിപ് സാള്‍ട്ടും ക്രിസ് ജോര്‍ദാനുമാണ് ഇറങ്ങിയത്.

Read More: സകുടുംബം അജു വർഗീസ്- ഒപ്പം പോസ് ചെയ്ത് ഒരു കുഞ്ഞ് താരപുത്രനും..

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിറങ്ങിയത്. ജോസ് ബ്ടലര്‍, അലക്‌സ് ഹെയ്ല്‍സ്, ഫിലിപ് സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നത്.

Story Highlights: England won by 10 wickets against india