കണ്ടുകഴിഞ്ഞും മനസ്സിൽ താങ്ങും വൂ യംഗ്-വൂ; ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊറിയൻ ഡ്രാമ ‘എക്സ്ട്രാഓർഡിനറി അറ്റോർണി വൂ’

November 6, 2022

ആഗോളസിനിമയ്‌ക്കൊപ്പം ആസ്വാദനതലവും വളരുന്ന സമൂഹമാണ് മലയാളികളുടേത്. ഭാഷാതീതമായി സിനിമകളെയും വെബ് സീരീസുകളെയും ആസ്വദിക്കാനും വിലയിരുത്താനും വിമർശിക്കാനും മലയാളികൾ പ്രാപ്തരായിക്കഴിഞ്ഞു. കഴിഞ്ഞകുറേക്കാലമായി ലോകസിനിമാപ്രേമികൾ ഏറ്റെടുത്ത കൊറിയൻ സിനിമകളും, ഡ്രാമകളുമെല്ലാം ഇന്ന് മലയാളികൾക്കും സുപരിചിതമാണ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടുള്ള കെ-ഡ്രാമകളിൽ ഏറ്റവും ഹിറ്റായി മാറിയ ഒന്നാണ് ‘എക്സ്ട്രാഓർഡിനറി അറ്റോണി വൂ’. പതിവ് കൊറിയൻ ഡ്രാമകൾ പോലെ പതിനാറ് എപ്പിസോഡുകൾ ഉള്ള ‘എക്സ്ട്രാഓർഡിനറി അറ്റോണി വൂ’ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

കൊറിയൻ ലോ ഡ്രാമ എന്ന വിശേഷണം നൽകാം ഈ ഹിറ്റ് ഡ്രാമ സീരിസിന്. വൂ യംഗ്-വൂ എന്ന നിയമബിരുദധാരിയായ പെൺകുട്ടിയുടെ ജീവിതയാത്രയുടെയും പ്രണയത്തിന്റെയും സൗഹൃത്തിന്റേയും കോടതിമുറിയിലെ നിമിഷങ്ങളുടെയും നേർക്കാഴ്ച്ചയാണ് ‘എക്സ്ട്രാഓർഡിനറി അറ്റോണി വൂ’.

വൂ യംഗ്-വൂ അമ്മയെ നഷ്ടമായ, അച്ഛൻ വളർത്തുന്ന ഒരു പെൺകുട്ടിയാണ്. ഓട്ടിസം ബാധിതയായ വൂ യംഗ്-വൂ ഒന്നിലും യാതൊരു താല്പര്യവുമുള്ള കുട്ടിയായിരുന്നില്ല.അച്ഛന്റെയോ മറ്റാരുടേയുമോ വേദനകളോ വികാരങ്ങളോ മനസിലാക്കാൻ പ്രാപ്തിയില്ലാത്ത ഒരു പെൺകുട്ടി. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമയുമായി അച്ഛൻ നടത്തിയ വഴക്കിനിടെയാണ് വൂ യംഗ്-വൂ ഏത് മേഖലയിലാണ് ശോഭിക്കുക എന്നത് പ്രേക്ഷകർക്കും അച്ഛനും വ്യക്തമാകുന്നത്. വഴക്കിനിടയിൽ ചെവിപൊത്തിക്കൊണ്ട് വൂ യംഗ്-വൂ വിളിച്ചുപറയുന്നത് പരസ്പരം ഏറ്റുമുട്ടിയാലുണ്ടാകുന്ന നിയമനടപടികളെ കുറിച്ചാണ്.

വീട്ടിൽ ഉണ്ടായിരുന്ന നിയമപുസ്തകങ്ങളെല്ലാം കാണാപ്പാഠമാണ് മകൾക്ക് എന്ന് അച്ഛൻ തിരിച്ചറിയുന്നു. വളരുമ്പോൾ നീയൊരു അറ്റോർണിയായിമാറും എന്ന് അഭിമാനത്തോടെ ആ അച്ഛൻ പറയുന്നു. ഓട്ടിസം ബാധിതയായ ഒരു ജീനിയസ് ആണ് തന്റെ മകൾ എന്ന് തിരിച്ചറിഞ്ഞ പിതാവ്, മകളെ പഠിപ്പിച്ച് സിയോളിലെ ഏറ്റവും ആദരണീയമായ നിയമ സ്ഥാപനങ്ങളിലൊന്നായ ഹൻബാഡയിൽ അറ്റോർണിയായി കരിയർ ആരംഭിക്കാൻ പ്രാപ്തയാക്കി.

തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധവും, കാര്യങ്ങൾ പെട്ടെന്ന് പഠിക്കാനുള്ള കഴിവും തോൽക്കുമെന്നുറപ്പായ കേസിൽ പോലും അസാധാരണമായ നിയമപഴുതുകൾ കണ്ടെത്തുന്ന വൂ, സഹപ്രവർത്തകരുടെയും പ്രിയം പിടിച്ചുപറ്റുന്നു. പ്രണയവും ഓഫിസിൽ നിന്നും നേരിടേണ്ടി വരുന്ന തിരിച്ചടികളുമെല്ലാം വൂ യംഗ്-വൂ എന്ന പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ സീരിസ് അവതരിപ്പിക്കുന്നു. ഈ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. കാരണം, നിയമം പോലെ വൂ യംഗ്-വൂ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ടുകാര്യങ്ങളാണ് തിമിംഗലങ്ങളും, ഗിംബാപ്പ് എന്ന ഭക്ഷണ വിഭവവും. വൂ യംഗ്-വൂ-വിന്റെ സൗഹൃദം ആഗ്രഹമുള്ളവർ തീർച്ചയായും തിമിംഗലത്തെ കുറിച്ചുള്ള ‘ വെയ്ൽ ടോക്’ താല്പര്യമുള്ളവരായിരിക്കണം. കേസുകളെക്കുറിച്ചു സംസാരിക്കുമ്പോഴും തിമിംഗലങ്ങളുടെ വിശേഷങ്ങളിലൂടെയാണ് വൂ യംഗ്-വൂ ഉദാഹരണം പറയുക. വളരെ രസകരമായി കണ്ടുതീർക്കാൻ സാധിക്കുന്ന ഒന്നാണ് ‘എക്സ്ട്രാഓർഡിനറി അറ്റോർണി വൂ’.

മിക്കവാറും എല്ലാ എപ്പിസോഡുകളും കോടതി കേസ് അന്വേഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനു പുറമേ, കുടുംബവും സുഹൃത്തുക്കളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളിൽ ഈ സീരിസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദക്ഷിണ കൊറിയയിൽ ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ (എഎസ്‌ഡി) സംബന്ധിച്ച അവബോധം സൃഷ്ടിച്ചതാണ് ഈ സീരിസിന്റെ ഏറ്റവും വലിയ നേട്ടം.

Read Also: “ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ..”; പാട്ടുവേദിയുടെ വാത്സല്യം ഏറ്റുവാങ്ങിയ കുസൃതി കുരുന്ന്

വൂ സമൂഹത്തിൽ നിന്ന് വിവേചനം നേരിടുന്ന ഒരാളാണ്. ബാർ എക്‌സാമിൽ മികച്ച സ്കോർ നേടുകയും ദക്ഷിണ കൊറിയയിലെ മികച്ച സ്‌കൂളുകളിലൊന്നായ സിയോൾ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടുകയും ചെയ്‌തെങ്കിലും, മിക്കവാറും എല്ലാ നിയമ സ്ഥാപനത്തിൽ നിന്നും ജോലി നിരസിക്കപ്പെട്ടിരുന്നു. ഹൻബാദയിൽ ജോലി ചെയ്യുമ്പോഴും, ചില അഭിഭാഷകരിൽ നിന്ന് ഉപദ്രവവും ഭീഷണിയും അഭിമുഖീകരിക്കുന്നുണ്ട്. നിയമപരമായും ഓട്ടിസം സ്പെക്ട്രം ഡിസോര്ഡറിനെക്കുറിച്ചും വ്യക്തമായ ഒരു ഉൾക്കാഴ്ച പകരാൻ ഈ ഷോയ്ക്ക് സാധിച്ചു. യൂ ഇൻ-സിക്ക് സംവിധാനം ചെയ്ത ഡ്രാമയിൽ പാർക്ക് യൂൻ-ബിൻ, കാങ് ടേ-ഓ എന്നിവരാണ് പ്രധാന താരങ്ങൾ. പാർക്ക് യൂൻ-ബിൻ ആണ് വൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Story highlights- extraordinary attorny woo review

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!