കേരളത്തിന് പ്രശംസയുമായി ഫിഫ; പുള്ളാവൂരിലെ കട്ടൗട്ടിന്റെ ചിത്രങ്ങൾ ഔദ്യോഗികമായി ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ടു

November 8, 2022

ഒടുവിൽ കേരളത്തിന്റെ ഫുട്‍ബോൾ ആവേശത്തെപ്പറ്റി ലോകം അറിഞ്ഞു. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്ന മെസിയുടെയും നെയ്‌മറുടെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രം ഫിഫ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ചു.

“കേരളത്തിന് ലോകകപ്പ് പനി. നെയ്‌മറുടെയും മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഭീമൻ കട്ടൗട്ടുകൾ പുഴയിൽ ഉയർന്നു. ഖത്തർ ലോകകപ്പിന് ഇനി 12 ദിവസങ്ങൾ”- കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഫിഫ ട്വീറ്റ് ചെയ്‌തു.

അതേ സമയം കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് ഇവിടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്‌ത്‌ വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് വാർത്തയായിരുന്നു. കൂടാതെ അർജന്‍റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അർജന്‍റീന ആരാധകരും ഈ കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചു.

Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ

ഇതിന് ശേഷം ഇതേ പുഴയിൽ നെയ്‌മറുടെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചിരുന്നു. തലയെടുപ്പോടെയാണ് മൂന്ന് താരങ്ങളുടെയും കട്ടൗട്ടുകൾ പുഴയിൽ നിൽക്കുന്നത്. ഇത് ഗോട്ടുകളുടെ സംഗമമാണെന്നാണ് ആരാധകർ പറയുന്നത്. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതേ പുഴയിൽ ബ്രസീൽ ആരാധകർ ഉയർത്തിയത്.

Story Highlights: Fifa shares pullavoor cut out photos