“കോലിയെയും രോഹിത്തിനെയും മറികടന്നേക്കാം, പക്ഷെ ധോണിയെ പോലെ ധോണി മാത്രം..”; മുൻ ഇന്ത്യൻ നായകന് വലിയ പ്രശംസയുമായി ഗൗതം ഗംഭീർ
ടി 20 ലോകകപ്പ് സെമിയിലെ ദയനീയ പരാജയത്തിന് ശേഷം വലിയ വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. ഒന്ന് പൊരുതാൻ പോലും കഴിയാതെ ഇംഗ്ലണ്ടിനോട് അടിയറവ് പറയേണ്ടി വന്നത് വലിയ നിരാശയാണ് ആരാധകർക്ക് നൽകിയത്. ധോണിയെ പോലെ ഒരു നായകൻറെ അഭാവം ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്.
ഇപ്പോൾ ധോണിയെ പുകഴ്ത്തി ഗൗതം ഗംഭീർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. “സെഞ്ചുറികളുടെ എണ്ണത്തിൽ വിരാട് കോലിയെയും രോഹിത് ശർമയെയും മറികടക്കുന്ന ഒരു കളിക്കാരൻ ഇനിയും വരുമായിരിക്കും പക്ഷെ ധോണിയെപ്പോലെ ഇനിയൊരു ഇന്ത്യൻ ക്യാപ്റ്റന് മൂന്ന് ഐസിസി കിരീടങ്ങൾ നേടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല”- ധോണിയെ പുകഴ്ത്തി ഗംഭീർ പറഞ്ഞു. 2011 ലെ ഏകദിന ലോകകപ്പിലും 2007 ലെ ടി 20 ലോകകപ്പിലും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഫൈനലിലെ ടോപ് സ്കോറർ ഗംഭീറായിരുന്നു.
അതേ സമയം 86 റൺസ് നേടിയ അലക്സ് ഹെയ്ല്സിന്റെയും 80 റൺസ് നേടിയ ജോസ് ബട്ലറിന്റെയും കൂറ്റനടികളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറി മാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് അടിച്ചു കൂട്ടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്സും ഓരോ വിക്കറ്റും നേടി.
Story Highlights: Gambhir praise for dhoni