സങ്കടം അടക്കാനാവാതെ രോഹിത് ശർമ്മ, ചേർത്ത് പിടിച്ച് രാഹുൽ ദ്രാവിഡ്; മെൽബണിൽ നിന്നുള്ള ദൃശ്യങ്ങൾ ആരാധകർക്ക് നൊമ്പരമാവുന്നു

November 10, 2022

അവിശ്വസനീയമായ തോൽവിയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേരിട്ടത്. 10 വിക്കറ്റിന്റെ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകൾ ഇതോടെ അസ്‌തമിച്ചിരിക്കുകയാണ്. ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും ഒരേ പോലെ വലിയ നിരാശയാണ് ഇന്ത്യയുടെ തോൽവി സമ്മാനിച്ചത്.

ഇപ്പോൾ മെൽബണിൽ നിന്നുള്ള നൊമ്പരപ്പെടുത്തുന്ന ചില ദൃശ്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. തോൽവിക്ക് ശേഷം കടുത്ത നിരാശയിൽ ഇന്ത്യൻ ടീമിന്റെ ഡഗ് ഔട്ടിലിരിക്കുന്ന നായകൻ രോഹിത് ശർമ്മയാണ് വിഡിയോയിലുള്ളത്. തോൽവി നൽകുന്ന വിഷമത്തിൽ വിതുമ്പുന്ന രോഹിത് ശർമ്മയും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന രാഹുൽ ദ്രാവിഡും ആരാധകരിൽ നൊമ്പരമുണർത്തുകയാണ്.

അതേ സമയം 86 റൺസ് നേടിയ അലക്‌സ് ഹെയ്ല്‍സിന്റെയും 80 റൺസ് നേടിയ ജോസ് ബട്ലറിന്റെയും കൂറ്റനടികളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലീഷ് ഓപ്പണർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവർപ്ലേയിൽ 38 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് നേടിയത് 63 റൺസ്. ബൗളർമാർ മാറി മാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണർമാർ അനായാസം റൺസ് കണ്ടെത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.

Read More: കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്- 33.15 സെക്കൻഡിനുള്ളിൽ കഴിച്ച് നേടിയത് റെക്കോർഡ്!

നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസാണ് അടിച്ചു കൂട്ടിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോലിയും ഹർദിക് പാണ്ഡ്യയും അർധ സെഞ്ചുറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടി. ആദിൽ റഷിദും ക്രിസ് വോക്‌സും ഓരോ വിക്കറ്റും നേടി.

Story Highlights: Rohith sharma and rahul dravid emotional video