കരുത്തരായ ജർമ്മനി ഇറങ്ങുന്നു; ജപ്പാനെതിരെയുള്ള മത്സരം അൽപ്പസമയത്തിനകം
നാല് തവണ ലോക ചാമ്പ്യന്മാരായ ജർമ്മനി ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇറങ്ങുകയാണ്. ജപ്പാനാണ് ജർമ്മനിയുടെ എതിരാളികൾ. 6.30 നാണ് മത്സരം തുടങ്ങുന്നത്. അടുത്ത കാലത്തായി ജർമ്മനിയുടെ പ്രകടനം അത്ര മികച്ചതല്ല. കഴിഞ്ഞ ആറ് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ജർമ്മനിക്ക് ജയിക്കാൻ കഴിഞ്ഞത്. എന്നാൽ കണക്കിലെ കളികളെ എക്കാലവും കാറ്റിൽ പറത്തിയിട്ടുള്ള ടീമാണ് ജർമ്മനി. ലോകകപ്പിൽ മികച്ച ചരിത്രമുള്ള ടീമിന് ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
പരിക്കേറ്റ ഫ്ലോറൻ വെർട്സും മർക്കോ റൂയിസും ടീമിൽ ഇടം നേടിയിട്ടില്ല. ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ 17 കാരൻ യുസുഫ മോകോകൊയും ജർമ്മൻ ടീമിലുണ്ട്. പരുക്കിലല്ലാത്ത പ്രമുഖ താരങ്ങളൊക്കെ ടീമിൽ ഇടംപിടിച്ചപ്പോൾ ടിമോ വെർണർ, മാറ്റ് ഹമ്മൽസ് എന്നിവരെ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഒഴിവാക്കി. മാനുവൽ ന്യൂയർ തന്നെയാണ് ഗോൾ കീപ്പർ. ടെർ സ്റ്റേഗൻ, കെവിൻ ട്രാപ്പ് എന്നിവർ മറ്റ് ഗോൾ കീപ്പർമാരാവും. റൂഡിഗർ, മുള്ളർ, ഗോരട്സ്ക, ഗുണ്ടോഗൻ, കിമ്മിച്ച്, മുസ്യാല, സാനെ, ഹാവെർട്സ്, നാബ്രി തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്. യുവതാരങ്ങളുടെ പ്രകടനം ജർമ്മനിക്ക് നിർണായകമാണ്.
2014 ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ സ്വപ്നങ്ങളെ ഇല്ലാതാക്കി ജർമനിക്ക് കപ്പ് നേടിക്കൊടുത്ത താരമായ മരിയോ ഗോട്സെ ടീമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. നിർണായക സമയത്ത് താരം നേടിയ ഗോളാണ് ജർമ്മനിയെ ലോകചാമ്പ്യന്മാർ ആക്കിയത്. ഇടക്കാലത്ത് ടീമിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ഗോട്സെ. ഇപ്പോൾ താരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
Read More: അർജന്റീന തോൽക്കാൻ കാരണമിതാണ്..; ചൂണ്ടിക്കാട്ടി മണിയാശാൻ, ട്രോളുമായി മന്ത്രി വി. ശിവൻകുട്ടി
സ്പെയിൻ, കോസ്റ്റാറിക്ക, ജപ്പാൻ എന്നിവരടങ്ങിയ ഗ്രൂപ്പ് ഇയിലാണ് ജർമ്മനി. ഇന്ന് ജപ്പാനെ നേരിടുന്ന ടീം 28 ന് സ്പെയിനിനെയും ഡിസംബർ 2 ന് കോസ്റ്റാറിക്കയെയും നേരിടും.
Story Highlights: Germany vs japan match today