ഇല്ലായ്മയിലും തെരുവുനായകൾക്കും തണലൊരുക്കി ഒരു മനുഷ്യൻ- ഉള്ളുതൊടുന്ന കാഴ്ച
ഉള്ളുതൊടുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി കാഴ്ചകൾ ഇത്തരത്തിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു ഹൃദയാസ്പർശിയായ കാഴ്ച ശ്രദ്ധനേടുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിൽ ഭിക്ഷക്കാരനായ ഒരു മനുഷ്യൻ നിരവധി നായ്ക്കൾക്കൊപ്പം ഉറങ്ങുന്നതായി കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ഇത് പങ്കുവെച്ചത്. ഫോട്ടോ ആരുടേയും ഹൃദയത്തെ അലിയിക്കും.
തെരുവിലുറങ്ങുന്ന മനുഷ്യൻ തന്റെ ചെറിയ മെത്തയിൽ നടപ്പാതയിൽ ഉറങ്ങുന്നത് കാണാം. വെയിലിൽ നിന്ന് മറയ്ക്കാൻ മുഖത്തോട് ചേർന്ന് ഒരു കുടയും സ്ഥാപിച്ചിട്ടുണ്ട്. മെത്തയിൽ അയാളോടൊപ്പം ഏഴ് തെരുവ് നായ്ക്കളുമുണ്ട്. “ഈ വലിയ ലോകത്തെ ഉൾക്കൊള്ളാൻ നമ്മുടെ ഹൃദയം വലുതായിരിക്കണം,” ഫോട്ടോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്.
Out heart has to be large enough to accommodate this big world. pic.twitter.com/LjQGYaARjR
— Susanta Nanda (@susantananda3) November 20, 2022
അതേസമയം, മഴയത്ത് തണുത്ത് വിറച്ച് കിടക്കുന്ന ഒരു തെരുവ് നായയ്ക്ക് തന്റെ സ്കാർഫ് ഊരി നൽകുന്ന യുവതിയുടെ ചിത്രങ്ങളും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. തുർക്കിയിൽ ഒരു ഓൺലൈൻ മാധ്യമത്തിൽ കഴിഞ്ഞ വർഷം പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. തെരുവ് നായയെ സ്വന്തം സ്കാർഫ് ഊരി പുതപ്പിക്കുന്ന യുവതിയ്ക്ക് അഭിന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ ദാഹിച്ചുവലഞ്ഞ പൂച്ചകുഞ്ഞിന് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന ഒരു യുവാവിന്റെ വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായയ്ക്ക് ടാപ്പിൽ നിന്നും വെള്ളം കോരി നൽകുന്ന വൃദ്ധന്റെ മറ്റൊരു വീഡിയോയും സുശാന്ത നന്ദ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പങ്കുവെച്ചിരുന്നു. ടാപ്പിൽ നിന്നും കൈക്കുമ്പിളിൽ വെള്ളം കോരി കൊണ്ടുവന്ന് നൽകുന്നതുവരെ നായ ക്ഷമയോടെ കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Story highlights-homeless man sharing his mattress with stray dogs