ആവേശപ്പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ; ബംഗ്ലാദേശിനെതിരെ നേടിയത് 5 റൺസിന്റെ വിജയം

November 2, 2022

അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി ടീം ഇന്ത്യ. 5 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 184 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിംഗ് മഴ മൂലം ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു.

അതിന് ശേഷം പുതുക്കിയ വിജയലക്ഷ്യവുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങിയത്. 16 ഓവറിൽ 151 റൺസായിരുന്നു ടീമിന്റെ വിജയലക്ഷ്യം. എന്നാൽ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ ബംഗ്ലാദേശിന് ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. ജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകയാണ്.

നേരത്തെ അർധസെഞ്ചുറി നേടിയ വിരാട് കോലിയുടെയും കെ.എൽ രാഹുലിന്റെയും പ്രകടനത്തിലൂടെയാണ് ഇന്ത്യ മികച്ച സ്‌കോർ കണ്ടെത്തിയത്. 44 പന്തില്‍ പുറത്താവാതെ 64 റൺസ് നേടിയ കോലിയും 32 പന്തില്‍ 50 റൺസ് അടിച്ചെടുത്ത രാഹുലും കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിക്കുകയായിരുന്നു. 16 പന്തിൽ നിന്ന് 30 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവും നിർണായക പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്.

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിറങ്ങിയത്.

Read More: കുട്ടിക്കാലത്ത് വരച്ച പുഞ്ചിരിക്കുന്ന സൂര്യന്റെ ചിത്രം വെറുതെയായില്ല; നാസ പുറത്തുവിട്ട സൂര്യന്റെ ചിത്രം ശ്രദ്ധനേടുന്നു

അതേ സമയം ബംഗ്ലാദേശിന്റെ അന്തിമ ഇലവനിൽ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, യാസിര്‍ അലി, മൊസദെക് ഹുസൈന്‍, നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം എന്നിവരാണ് ഉണ്ടായിരുന്നത്.

Story Highlights: India won by 5 wickets against bangladesh