സ്കൈ ഹൈ; ന്യൂസിലൻഡിനെ 65 റൺസിന് തോൽപ്പിച്ച് ഇന്ത്യ, സൂര്യകുമാറിന് കൂറ്റൻ സെഞ്ചുറി
ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടി 20 മത്സരത്തിൽ 65 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 51 പന്തിൽ 111 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ കൂറ്റൻ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ മികച്ച ഫോമിലായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 18.5 ഓവറിൽ 126 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്റെ തുടക്കം വളരെ മോശമായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു. അക്കൗണ്ട് തുറക്കാതെ തന്നെ ഫിൻ അലൻ പുറത്തായി. കോൺവെയും വില്യംസണും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടെങ്കിലും സുന്ദർ കോൺവെയെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ഗ്ലെൻ ഫിലിപ്സിനെ ചാഹൽ പുറത്താക്കിയതോടെ മത്സരത്തിൽ ഇന്ത്യയുടെ പിടി മുറുകി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ കിവീസ് 18.5 ഓവറിൽ 126 റൺസിന് പുറത്തായി. ക്യാപ്റ്റൻ വില്യംസൺ 61 റൺസും കോൺവെ 25 റൺസും നേടി. ഇരുവർക്കും പുറമെ ഗ്ലെൻ ഫിലിപ്സിനും (12 റൺസ്), ഡാരിൽ മിച്ചലിനും (10 റൺസ്) മാത്രമേ രണ്ടക്കം കാണാൻ കഴിഞ്ഞുള്ളൂ.
ഇന്ത്യയ്ക്കായി ദീപക് ഹൂഡ 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും സുന്ദറും ഓരോ വിക്കറ്റ് നേടി. വിക്കറ്റൊന്നും ലഭിക്കാത്ത ഏക ഇന്ത്യൻ ബൗളറാണ് അർഷ്ദീപ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവ് സെഞ്ചുറി നേടി. ടി 20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടിയുള്ള രണ്ടാം സെഞ്ചുറിയാണിത്. രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു വർഷത്തിൽ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അദ്ദേഹം.
Story Highlights: India won by 65 runs against new zealand