ഇതിഹാസങ്ങളുടെ ചതുരംഗ കളി; മെസിയും റൊണാൾഡോയും ഒന്നിച്ചുള്ള ചിത്രം വൈറലാവുന്നു, പകർത്തിയത് ലോകപ്രശസ്‍ത ഫോട്ടോഗ്രാഫർ

November 20, 2022

ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാവുന്നത്. ഇരുവരും ഒരുമിച്ച് ചെസ് കളിക്കുന്നതാണ് ചിത്രത്തിലുള്ളത്. ലൂയി വിറ്റോൻ എന്ന ആഡംബര ഫാഷൻ ബ്രാൻഡിന് വേണ്ടി ലോകപ്രശസ്‌ത ഫോട്ടോഗ്രാഫർ ആനി ലെബോവിറ്റ്സാണ് ചിത്രം പകർത്തിയിരിക്കുന്നത്.

ഇരുതാരങ്ങളും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. “വിജയം ഒരു മാനസികാവസ്ഥയാണ്..” എന്നാണ് ഇരുവരും ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

അതേ സമയം മെസിയുമായുള്ള സൗഹൃദത്തെ പറ്റി കഴിഞ്ഞ ദിവസം റൊണാൾഡോ ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിച്ചിരുന്നു. “മെസിയുമായി അടുത്ത സൗഹൃദമില്ല. ഇടയ്ക്കൊക്കെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നവരല്ല തങ്ങൾ. എങ്കിലും മെസിയുമായി അടുത്ത ബന്ധമാണുള്ളത്. മെസി അസാമാന്യ മികവുള്ള കളിക്കാരനാണ്. ഫുട്ബോളിനുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്ത കളിക്കാരൻ. ഫു്ടബോളിന് വേണ്ടി എല്ലാം നല്‍കിയ നല്ല മനുഷ്യന്‍”- റൊണാൾഡോ പറഞ്ഞു.

Read More: “മെസിയെ പോലെ മെസി മാത്രം..”; നെയ്‌മറുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

നേരത്തെ ഖത്തർ ലോകകപ്പ് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.

Story Highlights: Messi and ronaldo picture together goes viral