“മെസിയെ പോലെ മെസി മാത്രം..”; നെയ്‌മറുടെ വാക്കുകൾ ശ്രദ്ധേയമാവുന്നു

November 4, 2022

ഖത്തർ ലോകകപ്പിനായി ലോകം ഒരുങ്ങി കഴിഞ്ഞു. ഈ മാസം 20 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇങ്ങ് കേരളത്തിലും ആരാധകർ വലിയ ആവേശത്തിലാണ്. ടീമിന്റെ ആരാധകരൊക്കെ പരസ്‌പരം വെല്ലുവിളികൾ ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്. എപ്പോഴത്തെയും പോലെ ബ്രസീൽ അർജന്‍റീന ടീമുകൾക്ക് തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ളത്.

ഇപ്പോൾ ലയണൽ മെസിയെ പുകഴ്ത്തി പിഎസ്ജിയിലെ സഹതാരം നെയ്‌മർ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. മെസിയെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നാണ് നെയ്‌മർ പറയുന്നത്. മെസിക്ക് തുല്യം മെസി മാത്രം. അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തെ പറ്റിയുള്ള നെറ്റ്ഫ്ലിക്സിന്റെ ഡോകുമെന്ററിയായ ചാമ്പ്യൻസ് ഓഫ് അമേരിക്കയിലാണ് നെയ്‌മർ മനസ്സ് തുറന്നത്.

മെസിയോട് വലിയ ബഹുമാനവും സൗഹൃദവും പുലർത്തുന്ന താരമാണ് നെയ്‌മർ. കളത്തിൽ ബ്രസീലും അർജന്റീനയും ചിരവൈരികളാണെങ്കിലും ഇരു ടീമിലെയും സൂപ്പർ താരങ്ങൾ തമ്മിലുള്ള സൗഹൃദം പലപ്പോഴും ആരാധകരുടെയും മനസ്സ് കീഴടക്കാറുണ്ട്.

അതേ സമയം കേരളത്തിലാകെ ടീമുകളുടെയും താരങ്ങളുടെയും കട്ടൗട്ടുകളും ഫ്ളക്സുകളും നിറയുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈറലായത് കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ മെസിയുടെ വമ്പൻ കട്ടൗട്ടായിരുന്നു. ലോകമെങ്ങുമുള്ള അർജന്‍റീന ആരാധകർ ഇതിന്റെ വിഡിയോ ഷെയർ ചെയ്‌ത്‌ വൈറലാക്കിയിരുന്നു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.

Read More: ബ്രസീൽ ആരാധകരെ ട്രോളി മണിയാശാൻ; ഫേസ്ബുക്കിൽ രസകരമായ ഒരു ഫാൻ ഫൈറ്റ്

എന്നാൽ ഇതിന് ശേഷം മറ്റൊരു വിഡിയോ വൈറലായി മാറിയിരുന്നു. അർജന്‍റീന ആരാധകർക്കുള്ള മറുപടിയായി നെയ്‌മറിന്റെ കൂറ്റൻ കട്ടൗട്ട് വച്ചിരിക്കുകയാണ് ബ്രസീൽ ആരാധകർ. മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടിയായി നെയ്മറിന്റെ 40 അടി കട്ടൗട്ടാണ് അതേ പുഴയിൽ ബ്രസീൽ ആരാധകർ ഉയർത്തിയത്. തല ഉയർത്തി നിൽക്കുന്ന മെസ്സിയും നെയ്‌മറുമെല്ലാം ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

Story Highlights: Neymar praises messi