വില്യംസണെ റിലീസ് ചെയ്‌ത്‌ സൺറൈസേഴ്‌സ്; തീരുമാനത്തിൽ അത്ഭുതമില്ലെന്ന് താരം

November 16, 2022

ഐപിഎല്ലിലെ ഏറ്റവും മികച്ച നിമിഷങ്ങൾ ആരാധകർക്ക് നൽകിയ പല പ്രമുഖ താരങ്ങളും തങ്ങളുടെ ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ്. ഇപ്പോൾ കെയിൻ വില്ല്യംസണെ റിലീസ് ചെയ്‌ത സൺറൈസേഴ്‌സിന്റെ തീരുമാനമാണ് ശ്രദ്ധേയമാവുന്നത്. എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കൂടിയായ താരം വ്യക്തമാക്കി.

സൺറൈസേഴ്സിൽ കളിച്ച സമയം ഏറെ ആസ്വദിച്ചു എന്നും തനിക്ക് ഒരുപാട് നല്ല ഓർമകൾ അവിടെയുണ്ടെന്നും വില്ല്യംസൺ പറഞ്ഞു. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച വില്ല്യംസൺ ആണ് കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനെ നയിച്ചത്. “നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ അത് അത്ഭുതപ്പെടുത്തിയില്ല. അങ്ങനെയാണ് കാര്യങ്ങൾ. സൺറൈസേഴ്സിൽ കളിച്ച സമയം ഞാൻ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ഓർമകൾ എനിക്ക് അവിടെയുണ്ട്. ലോകത്ത് വിവിധ ടൂർണമെൻ്റുകളുണ്ട്. ഐപിഎല്ലും അത്തരത്തിൽ വളരെ മികച്ച ഒരു ടൂർണമെൻ്റാണ്. താരങ്ങൾ പല ടീമുകളിൽ കളിക്കും.”- വില്ല്യംസൺ പറഞ്ഞു.

Read More: മിശിഹായുടെ ഉയർത്തെഴുന്നേൽപ്പ്; തകർന്നു വീണ മെസിയുടെ കൂറ്റൻ കട്ടൗട്ട് പുനഃസ്ഥാപിച്ച് ആരാധകർ-വിഡിയോ

അതേ സമയം മുംബൈയുടെ സൂപ്പർ താരം കീറോൺ പൊള്ളാർഡ് ഐപിഎല്ലിൽ നിന്ന് വിരമിച്ചു. താരത്തെ മുംബൈ ഈ സീസണിൽ ഒപ്പം കൂട്ടാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പൊള്ളാർഡിന്റെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്. 12 വർഷത്തെ ഐപിഎൽ കരിയറിനാണ് ഇതോടെ അവസാനമാവുന്നത്. ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡിൻ്റെ വിരമിക്കൽ പ്രഖ്യാപനം. മറ്റൊരു ടീമിന്റെ ഭാഗമായി മുംബൈക്കെതിരെ മത്സരിക്കാൻ തനിക്ക് താൽപര്യമില്ലെന്നാണ് വിരമിക്കൽ കുറിപ്പിൽ പൊള്ളാർഡ് കുറിച്ചത്. ടീമിൽ ഉണ്ടാവില്ലെങ്കിലും മുംബൈയുടെ ബാറ്റിംഗ് പരിശീലകനായി താരം അടുത്ത സീസണിൽ ഉണ്ടാവുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

Story Highlights: Kane williamson released by sunrisers