കാന്താര ഇനി ഒടിടിയിൽ; സ്ട്രീമിംഗ് ആമസോൺ പ്രൈമിലൂടെ

November 17, 2022

ദൃശ്യവിസ്‌മയമൊരുക്കിയ കന്നട ചിത്രം കാന്താര വലിയ ഹിറ്റായി മാറിയിരുന്നു. ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ഋഷഭ് ഷെട്ടിയുടെ ചിത്രം. കന്നടയിൽ ചിത്രം വമ്പൻ ഹിറ്റായി മാറിയതോടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തിരുന്നു. എല്ലാ ഇൻഡസ്ട്രിയിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചെറിയ ബഡ്‌ജറ്റിലൊരുങ്ങിയ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വമ്പൻ വിജയം നേടുകയായിരുന്നു.

തിയേറ്ററുകളിലെ വിജയത്തേരോട്ടത്തിന് ശേഷം കാന്താര ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. നവംബർ 24 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഓൺലൈനായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ കളക്ഷൻ 400 കോടിയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സൂപ്പർ ഹിറ്റായ കെജിഎഫ് 2 വിന്റെ വലിയൊരു റെക്കോർഡ് കാന്താര സ്വന്തമാക്കിയിരുന്നു. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ആയിരുന്നു ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

Read More: ‘ എന്റെ വാക്കുകളെ കേൾക്കാതെ വിട്ടുപോയിരുന്നെങ്കിൽ, ഈ സിനിമ ഉണ്ടാകുമായിരുന്നോ?’ – ശ്രദ്ധനേടി ഭദ്രന്റെ വാക്കുകൾ

അതേ സമയം ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു. “കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Story Highlights: Kanthara ott release