കാന്താരയ്ക്ക് മറുപടിയായി ‘കതിവനൂർ വീരൻ’; തെയ്യം പശ്ചാത്തലമാവുന്ന ബിഗ് ബജറ്റ് മലയാള ചിത്രമൊരുങ്ങുന്നു
ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറുകയായിരുന്നു കന്നഡ ചിത്രം ‘കാന്താര.’ ഭൂതകോലം എന്ന കലാരൂപം പശ്ചാത്തലമായ ചിത്രം വലിയ ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരുന്നത്. മലയാളം അടക്കമുള്ള മറ്റ് ഭാഷകളിലും റിലീസിനെത്തിയതോടെ വലിയ പ്രശംസയാണ് ‘കാന്താര’ നേടിയത്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് ചിത്രം നൽകിയ അവിസ്മരണീയമായ അനുഭവത്തെ പറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കേരളത്തിലെ തെയ്യം പോലെ ഒരു കലാരൂപം തന്നെയാണ് കർണാടകയിൽ പ്രചാരത്തിലുള്ള ഭൂതകോലം. മലയാളികൾക്ക് കാന്താര ഏറെ പ്രിയപ്പെട്ടതായി മാറിയതിന്റെ ഒരു വലിയ കാരണം ഇത് തന്നെയാണ്. ഇപ്പോൾ തെയ്യം പശ്ചാത്തലമാവുന്ന ഒരു ബിഗ് ബജറ്റ് മലയാള ചിത്രമൊരുങ്ങുന്നുവെന്നാണ് അറിയാൻ കഴിയുന്നത്.
‘കതിവനൂർ വീരൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നുമ്മല്‍ ആണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ബജറ്റ് ഏകദേശം 40 കോടിയോളം വരുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ടി.പവിത്രൻ, രാജ്മോഹൻ നീലേശ്വരം എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
Read More: ‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാന്താര വലിയ ബോക്സോഫീസ് വിജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. നേരത്തെ ബാഹുബലി താരം പ്രഭാസ് കാന്താരയെ പ്രശംസിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അവിശ്വസനീയവും അസാധാരണവുമായ തിയേറ്റർ അനുഭവമാണ് കാന്താര നൽകുന്നതെന്നാണ് പ്രഭാസ് അഭിപ്രായപ്പെട്ടത്. രണ്ട് തവണ ചിത്രം തിയേറ്ററിൽ കണ്ടുവെന്നും മികച്ച കൺസെപ്റ്റുള്ള ത്രില്ലിംഗ് അനുഭവം നൽകുന്ന കാന്താര തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണെന്നും പ്രഭാസ് പറഞ്ഞു. “കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയേറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം”- പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Story Highlights: Kathivanoor veeran big budget malayalam cinema