കൂട്ടുകാർ മയക്കുമരുന്നിലേക്ക് പോയി, റിച്ചാർലിസൺ ഫുട്‌ബോളിലേക്കും; താരത്തിന്റെ ജീവിതം മാതൃകയാക്കാമെന്ന് മന്ത്രി എം.ബി രാജേഷ്

November 26, 2022

ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ബ്രസീൽ താരം റിച്ചാർലിസൺ. സെർബിയയ്‌ക്കെതിരെയുള്ള മത്സരത്തിൽ താരം നേടിയ ഇരട്ടഗോളാണ് ബ്രസീലിന് മിന്നുന്ന വിജയം നൽകിയത്. റിച്ചാർലിസൺ നേടിയ രണ്ടാമത്തെ ഗോൾ ഏറെ ചർച്ചാവിഷയമാവുകയും ചെയ്‌തു. അക്രോബാറ്റിക്സ് ഷോട്ടിലൂടെ റിച്ചാലിസൺ നേടിയ ഗോൾ ലോകകപ്പിന്റെ തന്നെ മികച്ച ഗോളുകളിൽ ഒന്നായി ഇതിനോടകം മാറിയിട്ടുണ്ട്.

മയക്കുമരുന്ന് വിൽപന വളരെ സജീവമായിരുന്ന ബ്രസീലിലെ ഒരു തെരുവിലാണ് താരം വളർന്നത്. തന്റെ കൂട്ടുകാർ അതിന്റെ ലഹരി തേടി പോയപ്പോൾ താൻ ഫുട്‌ബോളിന്റെ ലോകത്തേക്കാണ് പോയതെന്ന് നേരത്തെ തന്നെ റിച്ചാർലിസൺ പറഞ്ഞിരുന്നു. ലോകമെങ്ങുമുള്ള ഒരുപാട് യുവാക്കൾക്ക് പ്രചോദനമാവുന്ന ജീവിതമാണ് താരത്തിന്റേത്.

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ റിച്ചാർലിസണിന്റെ ജീവിതം നമുക്ക് മാതൃകയാക്കാമെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങൾക്കൊപ്പം റിച്ചാർലിസൺ പറഞ്ഞ വാക്കുകളും ചേർത്തുവയ്ക്കുകയാണ് മന്ത്രി. മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട്‌ അതിജീവിച്ച ബ്രസീൽ താരം റിച്ചാലിസണിന്റെ വാക്കുകൾ മാതൃകയാണെന്ന് പറയുകയാണ് മന്ത്രി എം.ബി രാജേഷ്. റിച്ചാർലിസണെ മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാമെന്നും എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Read More: അളന്നു മുറിച്ച് തീരുമാനിച്ചുറപ്പിച്ച ഗോൾ; പരിശീലന സമയത്ത് റിചാർലിസൻ ബൈസൈക്കിൾ കിക്കെടുക്കുന്ന വിഡിയോ വൈറലാവുന്നു

“റിച്ചാർലിസൺ പറയുന്നത്‌ കേൾക്കുക..’എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക്‌ പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്‌. എനിക്കതിന്‌ കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇട ദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല.’ മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട്‌ അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക്‌ ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാം”- എം.ബി രാജേഷ് കുറിച്ചു.

Story Highlights: M.b rajesh facebook post about richarlison