അർജന്റീന തോൽക്കാൻ കാരണമിതാണ്..; ചൂണ്ടിക്കാട്ടി മണിയാശാൻ, ട്രോളുമായി മന്ത്രി വി. ശിവൻകുട്ടി
ലോകമെങ്ങുമുള്ള അർജന്റീന ആരാധകരെയും മെസി ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന തോൽവി ഏറ്റുവാങ്ങിയത്. സൗദി അറേബ്യയാണ് മിശിഹായുടെ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയിലൂടെ അർജന്റീന തന്നെയാണ് മുൻപിൽ എത്തിയത്. എന്നാൽ പിന്നീട് സൗദിക്കായി സലേ അല്‍ഷെഹ്രിയും സലീം അല്‍ദാവസാരിയും വലകുലുക്കിയതോടെ സൗദി അട്ടിമറി വിജയം നേടുകയായിരുന്നു.
ഇപ്പോൾ അർജന്റീന തോൽക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് മുൻ മന്ത്രി എം.എം.മണി. ഖത്തറിലെ ചൂട് കാലാവസ്ഥയാണ് അർജന്റീന പരാജയപ്പെടാനുണ്ടായ കാരണമെന്നാണ് അദ്ദേഹം പറയുന്നത്. വിജയികളായ സൗദി അറേബ്യയെ അഭിനന്ദിക്കുന്നുവെന്നും പരാജയത്തിൽ അതിയായ വേദനയുണ്ടെങ്കിലും മെസിയും അർജന്റീനയും ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മത്സരം തോറ്റയുടനെ മണിയാശാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. “ചതിച്ചാശാനേ…!!!” എന്നാണ് മണിയാശാനെ ടാഗ് ചെയ്ത് കൊണ്ട് മന്ത്രി കുറിച്ചത്.
അതേ സമയം ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ മണിയാശാനും മന്ത്രി വി.ശിവൻകുട്ടിയും തമ്മിലുള്ള രസകരമായ ഫാൻ ഫൈറ്റ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.അർജന്റീന ആരാധകരെ വെല്ലുവിളിച്ച് മന്ത്രി വി.ശിവൻകുട്ടിയാണ് ആദ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്. കടുത്ത ബ്രസീൽ ആരാധകനാണ് അദ്ദേഹം. അര്‍ജന്റീന ആരാധകരായ എം എം മണിയെയും മുന്‍ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു മന്ത്രി ശിവന്‍കുട്ടി വെല്ലുവിളിച്ചത്.
Read More: ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയായി സ്റ്റെഫാനി; ചരിത്ര നിമിഷത്തിന് സാക്ഷിയായി ഖത്തർ
ഇതിന് മറുപടിയുമായി അർജന്റീന ആരാധകരായ എം.എം മണി, വി.കെ പ്രശാന്ത് എന്നിവർ എത്തിയിരുന്നു. മണിയാശാന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഇതിന് ശേഷം വൈറലായി മാറിയിരുന്നു. ബ്രസീൽ ആരാധകരെ ട്രോളി കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. “ബ്രസീല്‍ ആരാധകര്‍ ഇവിടെ കമോണ്‍, നിങ്ങള്‍ക്കുള്ള കാവിലെ അടുത്ത പാട്ടു മത്സരം എത്താറായി” എന്നാണ് മണിയാശാൻ ഫേസ്ബുക്കിൽ കുറിച്ചത്.
Story Highlights: M.m.mani explains the reason behind argentina’s defeat