റൊണാൾഡോയുടെ പകരക്കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നുവെന്ന് സൂചന
കഴിഞ്ഞ കുറച്ചു നാളുകളായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുകയായിരുന്നു. ഒരു അഭിമുഖത്തിൽ താരം ക്ലബിന്റെ മാനേജ്മെന്റിനെതിരെ വിമർശനം ഉന്നയിച്ചതോടെ ഇപ്പോൾ സ്ഥിതി ഗതികൾ രൂക്ഷമായിരിക്കുകയാണ്. റൊണാൾഡോയ്ക്ക് പകരക്കാരനെ അടുത്ത് തന്നെ ക്ലബിലെത്തിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പിഎസ്വി താരമായ കോഡി ഗാക്പോയെ മാനേജർ എറിക് ടെൻ ഹാഗ് നോട്ടമിട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 43.5 മില്യണ് പൗണ്ടിന് (416 കോടി രൂപ) 23 കാരനായ നെതർലൻഡ്സ് താരത്തെ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് ടെൻ ഹാഗിന്റെ കണക്കുകൂട്ടൽ.
ഒരു അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ ക്ലബിനെതിരെ രംഗത്ത് വന്നത്. “ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് വെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
Read More: ഇത്തവണ വനിതകളുടെ വിസിൽ മുഴങ്ങും; ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരം നിയന്ത്രിക്കാൻ വനിത റഫറിമാർ
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരുന്നു. എങ്ങനെയെങ്കിലും ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയെ പല മുൻനിര ക്ലബുകളും തഴഞ്ഞു. ടെൻ ഹാഗ് താരത്തിന് ഏറെ അവസരങ്ങൾ നൽകിയതുമില്ല. പല മത്സരങ്ങളും ബെഞ്ചിലിരുന്ന താരം കഴിഞ്ഞ ദിവസം കളി അവസാനിക്കുന്നതിനു മുൻപ് ഡ്രസിംഗ് റൂമിലേക്ക് പോയത് വിവാദമായി. തുടർന്ന് താരത്തെ ഒരു കളിയിൽ നിന്ന് ക്ലബ് വിലക്കി. ഇതിനിടെ പകരക്കാരനായി കളത്തിലിറങ്ങാൻ ക്രിസ്റ്റ്യാനോ തയ്യാറാവാതിരുന്ന സാഹചര്യവുമുണ്ടായി.
Story Highlights: Manchester united brings a replacement for cristiano ronaldo