പ്ലാസ്റ്റിക് സർജറി ചെയ്ത് പതിനൊന്നാം ദിവസം ലാലേട്ടനൊപ്പം ചെയ്ത സിനിമയാണത്- അപകടത്തെ കുറിച്ച് പങ്കുവെച്ച് മഞ്ജു പത്രോസ്
റിയാലിറ്റി ഷോയിലൂടെയാണ് വന്നതെങ്കിലും സിനിമകളിലും സജീവമാണ് നടി മഞ്ജു പത്രോസ്. അതിനുപുറമെ യൂട്യൂബ് ചാനലിലും സാന്നിധ്യമറിയിക്കാറുണ്ട്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചാണ് നടി പങ്കുവയ്ക്കുന്നത്.
കാത്തിരുന്നു നല്ലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോഴാണ് ഒരു ആക്സിഡന്റ്റ് സംഭവിച്ചത്. ഭർത്താവ് സുനിച്ചനൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ നിന്ന് വീണ് അപകടം സംഭവിച്ചാൽ കാലിൽ പ്ലാസ്റ്ററൊക്കെ ഇട്ട് ആറുമാസത്തോളം ഇരിക്കേണ്ടി വരുമെന്ന് കേട്ടിട്ടുണ്ട് എന്ന് മഞ്ജു പത്രോസ് പറയുന്നു. അതിനാൽ അപകടം സംഭവിച്ചപ്പോൾ കാലു രണ്ടും ഉയർത്തിപ്പിടിച്ചു. എന്നാൽ, അതുകൊണ്ട് മുഖമുരഞ്ഞാണ് വീണത്. കണ്ണിന്റെ ഭാഗത്തൊക്കെ ഉരഞ്ഞ് മുറിഞ്ഞു.
ആശുപത്രിയിൽ പോയി മുഖത്തെ മുറിവുകൾ തുന്നിച്ചേർക്കാമെന്ന് കരുതി. എന്നാൽ അതിന് സാധിച്ചില്ല. പകരം, പ്ലാസ്റ്റിക് സർജറി ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ പ്ലാസ്റ്റിക് സർജറി ചെയ്ത് പതിനൊന്നാം ദിവസമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ, മുഖം ഇങ്ങനെ ഇരിക്കുന്നത് മോഹൻലാലിനൊക്കെ ബുദ്ധിമുട്ടാകുമോ എന്നൊരു പേടി തനിക്കുണ്ടായിരുന്നു എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. എന്നാൽ, അവരെല്ലാം വളരെയധികം പിന്തുണ നൽകി എന്നും നടി പറയുന്നു.
Story highlights- manju pathrose about accident