“ഇന്നെന്റെ മകൾക്ക് അറിയില്ല അവളെ ചിരിപ്പിക്കുന്ന വ്യക്തി ആരാണെന്ന്..”; കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ വൈറലാവുന്നു

November 12, 2022

പ്രഖ്യാപിച്ച സമയം മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘കാതൽ.’ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജിയോ ബേബിയുടെ ‘കാതൽ.’ മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ നായികയാവുന്നത് ജ്യോതികയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്.

ഇപ്പോൾ കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോയാണ് വൈറലാവുന്നത്. കുഞ്ഞ് ആരാധകർക്കൊപ്പം സമയം ചിലവിടുന്ന നടൻ മമ്മൂട്ടിയാണ് വിഡിയോയിലുള്ളത്. ഇവ മറിയം എന്ന കുഞ്ഞു മിടുക്കിയുടെ കൂടെ ചിരിക്കുകയൂം വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന താരത്തിന്റെ വിഡിയോ ആരാധകർക്കും വലിയ കൗതുകമാവുകയാണ്. ഇവയുടെ അമ്മ സിൻസി അനിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

“ഇന്നെന്റെ മകൾക്കു അറിയില്ല. അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും. നാളെ അവളിത് അഭിമാനത്തോടെ കാണും. ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും. ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി”- വിഡിയോ പങ്കുവെച്ചു കൊണ്ട് സിൻസി ഫേസ്ബുക്കിൽ കുറിച്ചു.

Read More: ഒരു വമ്പൻ ഓഫറുമായി സുരാജ് വെഞ്ഞാറമൂട്; മുകുന്ദൻ ഉണ്ണിയുടെ സക്‌സസ് ഫോർമുല പഠിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം…

അതേ സമയം മമ്മൂട്ടിയുടെ നിർമ്മാണകമ്പനിയായ മമ്മൂട്ടി കമ്പനി ഒരു പിടി മികച്ച ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ തിയേറ്ററുകളിൽ സിനിമ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങി വമ്പൻ വിജയം നേടിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച മറ്റൊരു ചിത്രമായ ‘റോഷാക്ക്.’

Story Highlights: Mammootty with kids viral video