അപകടത്തിൽ ഓർമ്മകൾ നഷ്ടമായി; സ്വന്തം ഭാര്യയെ ഹോം നഴ്‌സായി തെറ്റിദ്ധരിച്ച് പറഞ്ഞയച്ചു- കണ്ണീരണിയിക്കും മനുവിന്റെ ജീവിതം

November 8, 2022

2018 ഡിസംബർ 5- മനുവിനെ സംബന്ധിച്ച് അതിഭീകരമായ ഒരു ദിനമായിരുന്നു. വലിയൊരു അപകടം, അതേതുടർന്ന് അന്നുവരെയുള്ള ഓർമ്മകൾ നഷ്ടമാകുന്നു. മരിച്ചെന്നുറപ്പായി പോസ്റ്റുമോർട്ടം ടേബിളിലേക്ക് ആശുപത്രി അധികൃതർ മാറ്റുന്നു. പിന്നീട് നടന്നത്, വലിയൊരു വഴിത്തിരിവാണ്. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മനു തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചപ്പോൾ കണ്ണീരണിയാത്ത ഒരാൾ പോലും പ്രേക്ഷകർക്കിടയിലുണ്ടാകില്ല.

ലോറി ഡ്രൈവറായ മനുവിന് അപകടം സംഭവിക്കുന്നത് വെളുപ്പിനെ മൂന്നുമണിക്കാണ്. ഒരു ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ് പയ്യന്നൂരിലെ റോഡരികിൽ തകർന്ന ലോറിക്കുള്ളിൽ മനു കിടന്നത് മൂന്നു മണിക്കൂറാണ്. ആറുമണിയോടെയാണ് ആ തകർന്ന ലോറിയുടെ ക്യാബിനിൽ നിന്നും മനുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. പുതിയ വാഹനമായിരുന്നതിനാൽ ആരാണ് അപകടത്തിൽ പെട്ടതെന്ന് കണ്ടെത്താനും ഒട്ടേറെ സമയമെടുത്തു.

രാവിലെ പതിനൊന്നോടെ സുഹൃത്തുക്കളും കുടുംബവും ആശുപത്രിയിൽ എത്തിയപ്പോൾ വൈകിട്ട് അഞ്ചു മണിക്ക് സർജൻ എത്തി പോസ്റ്റ്മോർട്ടം നടത്തി ബോഡി വിട്ടുതരാം എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ, മരിച്ചില്ലെന്ന ഒരു പ്രതീക്ഷയുടെ പുറത്താവാം, സുഹൃത്തുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് മനുവിനെ മാറ്റി. അവിടെയും പ്രതീക്ഷ നൽകില്ല എന്ന വാക്കുമായി ഡോക്ടർമാർ. ആറുദിവസത്തെ കാത്തിരിപ്പ്. രക്തം മാറ്റിക്കൊണ്ടേയിരുന്നു.

ആറാം ദിനം ജീവൻ തിരികെ നൽകാം എന്ന ഉറപ്പ് കുടുംബത്തിന് ലഭിച്ചു. പതിനാറാം ദിവസം മനു ജീവിതത്തിലേക്ക് കണ്ണുതുറന്നു. എന്നാൽ, തലയിൽ കയറിയ കമ്പി നീക്കം ചെയ്തതിന്റെ ഭാഗമായി തലച്ചോറിലെ അതുവരെയുള്ള ഓർമ്മകൾ നഷ്ടമായി. ആരെയും തിരിച്ചറിയാനാകാത്ത മനു കിടന്നത് ഒന്നരമാസത്തോളമാണ്. വീട്ടിൽ എത്തിയപ്പോൾ അമ്മയെയും സഹോദരിയെയും ആളുകൾ പരിചയപ്പെടുത്തി. ഒപ്പം പരിചരിക്കാൻ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അത് ഹോം നഴ്സ് ആണെന്നാണ് കരുതിയത്.

Read Also: ലഹരിക്കടിമയായ പിതാവ് കുഞ്ഞുമക്കളുമായി സ്റ്റേഷനിലെത്തി; കുഞ്ഞുങ്ങളെ പരിപാലിച്ച് പോലീസ് ഉദ്യോഗസ്ഥർ- വിഡിയോ

നടക്കാൻ പോലുമാകാത്ത അവസ്ഥയിലുള്ള തനിക്ക് ഇനി ജോലി ചെയ്തു കുടുംബം പുലർത്താനാകില്ല എന്ന തിരിച്ചറിവിൽ ഈ ഹോം നഴ്‌സിന് ശമ്പളം കൊടുക്കാനാകില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി ആ കുട്ടിയെ മനു പറഞ്ഞയപ്പിച്ചു. പിന്നീട് ഒരു വൈദികൻ എത്തി പരിചരിക്കാൻ. അദ്ദേഹമാണ് അത് തന്റെ ഭാര്യ ആണെന്നും അവളെ കൂടെ നിർത്തണം എന്നും പറഞ്ഞുകൊടുത്തത്. ഭാര്യ എന്തിനാണെന്നും വിവാഹം ഒരു വ്യക്തിക്ക് എന്തിനാണ് എന്നുപോലും തനിക്ക് അറിയില്ലായിരുന്നു എന്ന് മനു പറയുന്നു. ആരുടേയും കണ്ണുനിറഞ്ഞുപോകും ഈ ചെറുപ്പക്കാരന്റെ ജീവിതാനുഭവം കേൾക്കുമ്പോൾ.

Story highlights- manu about his lifestory