നൻപകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ പുതിയ സ്റ്റിൽ ശ്രദ്ധേയമാവുന്നു…

November 16, 2022

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള സംവിധായകന്റെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം.’ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെയേറെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.

ഇപ്പോൾ ചിത്രത്തിലെ ഒരു സ്റ്റിൽ പുറത്തു വന്നിരിക്കുകയാണ്. തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അതേ സമയം നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ വ്യത്യസ്തമായ ഒരു ആഖ്യാന രീതിയാണ് ചിത്രത്തിനെന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. ഉച്ചമയക്കം എന്ന അർത്ഥമാണ് ചിത്രത്തിന്റെ പേരിനുള്ളത്. ഉച്ച നേരത്ത് മയങ്ങുന്ന കുറെയേറെ ആളുകളെയാണ് ടീസറിൽ കാണിക്കുന്നത്. ടീസറിന്റെ ഒടുവിലായാണ് മമ്മൂട്ടിയുടെ കഥാപാത്രം ഉറങ്ങുന്നതായി കാണിക്കുന്നത്. ചിത്രത്തിന്റെ കഥയെ പറ്റി അധികം സൂചനകളൊന്നും തരാതെയാണ് ടീസർ അവതരിപ്പിക്കപ്പെട്ടത്. പ്രേക്ഷകർക്ക് ഒരേ പോലെ വലിയ ആവേശവും ആകാംക്ഷയുമാണ് ടീസർ നൽകിയത്. നടൻ ദുൽഖർ സൽമാനാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്.

Read More: ‘അയ്യോ, എനിക്ക് ഭയങ്കര പേടി..’; മലയാളികളുടെ സ്നേഹം കണ്ട് അമ്പരന്ന് ശോഭന- വിഡിയോ

കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്‍മിക്കുമ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.

Story Highlights: Nanpakal nerathu maykkam still released