നിവിൻ പോളിയുടെ നായികമാരായി നിഖില വിമലും കയാദു ലോഹറും- ‘താരം’ ഒരുങ്ങുന്നു

November 3, 2022

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടൻ നിവിൻ പോളി. ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകളാണ്‌ റിലീസിന് ഒരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ‘പടവെട്ട്’ പ്രേക്ഷകരിൽ നിന്ന് നിരവധി മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ഇപ്പോഴിതാ, അടുത്ത ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. ‘താരം’ എന്നാണ് സിനിമയുടെ പേര്.

താരത്തിന്റെ പൂജാ ചടങ്ങുകൾ ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്നു. അഭിനേതാക്കളായ നിവിൻ പോളി, വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ, കയാദു ലോഹർ, നമിത കൃഷ്ണമൂർത്തി എന്നിവർ പൂജാ ചടങ്ങിൽ പങ്കെടുത്തു. ‘കിളി പോയി’, ‘കോഹിനൂർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിനയ് ഗോവിന്ദാണ് ‘താരം’ സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയുടെ ‘താരം’ എന്ന സിനിമയുടെ തിരക്കഥ വിവേക് ​​രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. ‘താരം’ സിനിമയുടെ കഥ സിനിമാ വ്യവസായത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഒരു സമ്പൂർണ്ണ എന്റർടെയ്‌നർ ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

നിവിൻ പോളി, വിനയ് ഫോർട്ട്, നിഖില വിമൽ, കൃഷ്ണ ശങ്കർ, കയാദു ലോഹർ എന്നിവരാണ് ‘താരം’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം, ലിജു കൃഷ്ണ സംവിധാനം ചെയ്ത ‘പടവെട്ട്’ എന്ന ത്രില്ലർ ചിത്രമായിരുന്നു നിവിൻ പോളി നായകനായി ഒടുവിൽ റിലീസ് ചെയ്തത്. നിരവധി പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രം നേടിയത്.

Read Also: പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം

അതേസമയം, നിവിൻ പോളിയുടെ കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ‘സാറ്റർഡേ നൈറ്റ്’ നവംബർ 4 ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാനിയ, സൈജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൺ എന്നിവരും അഭിനയിക്കുന്നു.

Story highlights- nivin pauly joining his next film ‘Thaaram’.