പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം

November 3, 2022

ഇന്നലെയായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ജന്മദിനം. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ജന്മദിനത്തിൽ അദ്ദേഹത്തെ കാണാൻ വലിയ ആരാധകവൃന്ദം അദ്ദേഹത്തിന്റെ വീടിന് മുൻപിൽ തടിച്ചു കൂടിയിരുന്നു. പതിവ് പോലെ അദ്ദേഹം തന്റെ വീടായ മന്നത്തിന്റെ ബാൽക്കണിയിൽ നിന്ന് കൊണ്ട് ആരാധകരെ അഭിവാദ്യം ചെയ്യുകയും അവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്‌തിരുന്നു.

ഇപ്പോൾ ആരാധകരോടൊപ്പമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് താരം. “സ്‍നേഹത്തിന്റെ കടല്‍. അവിടെ ഉണ്ടായിരുന്നതിനും ഈ ദിവസം വളരെ മനോഹരമാക്കിയതിനും നന്ദി. എല്ലാവരോടും സ്‍നേഹം മാത്രം”- ആരാധകർക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേ സമയം ലോകമെങ്ങുമുള്ള ഷാരൂഖ് ഖാൻ ആരാധകർ ഇന്നലെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ വലിയ പ്രതീക്ഷയുണർത്തുന്ന ഒരു പിടി ചിത്രങ്ങളുമായി ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരം.

Read More: ‘കുഞ്ഞിരാമായണം തൊട്ട് എനിക്ക് തന്നത് തിരിച്ചു കിട്ടിയല്ലോ നിനക്ക് രാജേഷേ..’- ബേസിലിനെ ട്രോളി അജു വർഗീസ്

ഷാരൂഖ് ഖാനുള്ള പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ ‘പഠാൻ’ എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ ഇന്നലെ റിലീസ് ചെയ്‌തിരുന്നു . സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളാണ് ഈ ആക്ഷൻ ചിത്രത്തിലുള്ളതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് അറ്റ്ലിയുടെ ‘ജവാൻ.’ തമിഴിൽ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്.

Story Highlights: Sharukh khan shares video with fans