പാകിസ്ഥാൻ ഫൈനലിലേക്ക്; ഇന്ത്യ-പാകിസ്ഥാൻ സ്വപ്‌ന ഫൈനലിന് ഇനി ഇംഗ്ലണ്ട് എന്ന കടമ്പ മാത്രം

November 9, 2022

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 7 വിക്കറ്റിന്റെ മിന്നുന്ന ജയമാണ് പാകിസ്ഥാൻ നേടിയത്. ന്യൂസിലൻഡ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം അർധസെഞ്ചുറികൾ നേടിയ നായകൻ ബാബർ അസമിന്റെയും മുഹമ്മദ് റിസ്‌വാന്റെയും ബാറ്റിംഗ് മികവിലാണ് പാകിസ്ഥാൻ മറികടന്നത്. ബാബർ അസം 53 റൺസ് നേടിയപ്പോൾ 57 റൺസാണ് മുഹമ്മദ് റിസ്‌വാൻ അടിച്ചു കൂട്ടിയത്. ഷഹീന്‍ അഫ്രീദി പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിലാണ് 152 റൺസ് നേടിയത്. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്. മോശം ഫീൽഡിങ്ങാണ് ന്യൂസിലൻഡിന് വിനയായത്. പാകിസ്ഥാന്റെ പ്രമുഖ താരങ്ങളെ പുറത്താക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ന്യൂസിലൻഡ് പാഴാക്കിയിരുന്നു. ബാബര്‍ അസമിനെ ഗോള്‍ഡന്‍ ഡക്കാക്കാനുള്ള അവസരം ഉൾപ്പെടെ നഷ്‌ടപ്പെടുത്തിയതിന് ന്യൂസിലൻഡ് കനത്ത വില നൽകേണ്ടി വന്നു.

ഫൈനലിലേക്ക് പ്രവേശിച്ച പാകിസ്ഥാൻ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ ജേതാക്കളെ ഞായറാഴ്ച്ച നേരിടും. ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രഥമ ടി 20 ലോകകപ്പിൽ ഇരുവരും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. ചരിത്രം വീണ്ടും ആവർത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് ഇന്ത്യൻ ആരാധകർ വിശ്വസിക്കുന്നത്.

Read More: ദേശീയ ഗാനം ആലപിച്ച് വികാരഭരിതനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ-വിഡിയോ

മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവരാണ് പാകിസ്ഥാന് വേണ്ടി ഇന്നിറങ്ങിയത്. അതേ സമയം ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ന്യൂസിലൻഡിന്റെ പ്ലെയിങ് ഇലവനിൽ ഇന്നുണ്ടായിരുന്നത്.

Story Highlights: Pakisthan won by 7 wickets against new zealand