ഷെഫീക്കിന്റെ സന്തോഷവുമായി ഉണ്ണി മുകുന്ദൻ; ടീസർ റിലീസ് ചെയ്തു

November 15, 2022

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം.’ നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബർ 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഷെഫീക്ക് എന്ന പ്രവാസിയുടെ ജീവിതമാണ് ചിത്രത്തിലുള്ളത്. തന്റെ അച്ഛനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ ജയൻ, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാനാണ് സം​ഗീതം കൈകാര്യം ചെയ്യുന്നത്. എൽദോ ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Read More: ലോ ബജറ്റ് ഹൃത്വിക് റോഷനും ഐശ്വര്യ റായിയും- കുട്ടിക്കാല വിഡിയോയുമായി ഗൗരി കിഷൻ

അതേ സമയം മേപ്പടിയാനാണ് ഉണ്ണി മുകുന്ദൻ നിർമ്മിച്ച ആദ്യ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയിച്ച ചിത്രമായിരുന്നു താരം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘മേപ്പടിയാൻ.’ നവാഗതനായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്ത ചിത്രം നിരൂപകപ്രശംസയും നേടിയിരുന്നു. ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ചിത്രം 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയിരുന്നു. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്.

Story Highlights: Shafeekkinte santhosham teaser released