മൊബൈലിൽ നോക്കി റോഡ് മുറിച്ചുകടക്കുന്നവർക്ക് അപകടം പതിവ്- പുതിയ മാർഗവുമായി സൗത്ത് കൊറിയ

November 23, 2022

ഫോണുകളോടുള്ള ആളുകളുടെ അഭിനിവേശം നാൾക്കുനാൾ വർധിച്ചുവരികയാണ്. വഴിയിലൂടെ പോലും ഫോണിൽ നോക്കി നടക്കുന്നവരാണ് അധികവും. റോഡ് മുറിച്ചുകടക്കുമ്പോൾ സിഗ്‌നൽ നോക്കാനായി പോലും ഒന്ന് തലയുയർത്താൻ മടിയുള്ളവരാണ് എല്ലാവരും. ഫോൺ സ്‌ക്രീനുകളിലേക്കുള്ള ശ്രദ്ധയും അപകടങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സ്‌മാർട്ട്‌ഫോൺ ആസക്തി അവസാനിപ്പിക്കുക അസാധ്യമാണെന്നത് നഗ്നമായ സത്യമാണ്.

അതായത് ആധുനിക പ്രശ്നങ്ങൾക്ക് ആധുനിക പരിഹാരങ്ങൾ ആവശ്യമാണ്. ഇപ്പോൾ, ഇങ്ങനെ പരിഹാരവുമായി വരുന്ന ആദ്യത്തെ രാഷ്ട്രം ദക്ഷിണ കൊറിയയാണെന്ന് തോന്നുന്നു. സിയോളിൽ തൂണുകൾക്ക് പകരം നിലത്ത് ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്. പൊതുവെ സമയത്തിന് മുന്നേ സഞ്ചരിക്കുന്നവർ എന്നാണ് കൊറിയ അറിയപ്പെടുന്നത്. റോഡുകൾ മുറിച്ചുകടക്കുമ്പോൾ ഫോൺ സ്ക്രീനിൽ നോക്കി നടക്കുന്ന ആളുകളെ സഹായിക്കാൻ ഇവർ പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്നു.

ദക്ഷിണ കൊറിയയിൽ ജീവിക്കുന്നവർ പുതിയ തെരുവ് വിളക്കുകൾ ഉപയോഗിക്കുന്നതിന്റെ വിഡിയോ ഇന്ത്യൻ വ്യവസായിയായ ശ്രീനിവാസ് ഡെംപോ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് ഈ സാങ്കേതികവിദ്യ ലോകപ്രസിദ്ധമായത്. “കാലത്തിന്റെ അടയാളം: സിയോളിലെ ഈ ക്രോസിംഗിൽ ട്രാഫിക് സിഗ്നലുകൾ റോഡ് ലെവലിലേക്ക് താഴുന്നു, അങ്ങനെ അവർ സ്മോംബികൾ (സ്‌മാർട്ട്‌ഫോൺ-ഭ്രമമുള്ള സോമ്പികൾ) എന്ന് വിളിക്കുന്ന ആളുകൾക്ക് സുരക്ഷിതമായി റോഡുകൾ മുറിച്ചുകടക്കാൻ കഴിയും’- കുറിപ്പ് ഇങ്ങനെ.

Read Also: സുബിയില്ലാത്ത ആദ്യത്തെ പിറന്നാൾ; ഒത്തുചേർന്ന് കുടുംബവും സുഹൃത്തുക്കളും

വിഡിയോയിൽ, സിയോളിലെ തിരക്കേറിയ റോഡിന്റെ സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാർ കാത്തുനിൽക്കുന്നത് കാണാം. നടപ്പാതയിൽ ചുവന്ന എൽഇഡി ലൈറ്റ് കത്തുന്നുണ്ട്. അതിനു പിന്നിൽ ആളുകൾ നിൽക്കുന്നത് കാണാം. ഏതാനും നിമിഷങ്ങൾക്കുശേഷം വെളിച്ചം പച്ചയായതോടെ യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ തുടങ്ങി.

Story highlights- South Korea puts traffic lights on ground