‘അമ്മയുടെ സ്നേഹം കിട്ടാനായി ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് അമ്മാ..’- – ഉപേക്ഷിച്ച് പോയ അമ്മയോട് ശ്രീദേവിയുടെ അപേക്ഷ

November 22, 2022

നഷ്ടമാകുമ്പോൾ മാത്രം വിലപ്പെട്ടതെന്നു തിരിച്ചറിയുന്ന ചിലതുണ്ട്,. അതിലൊന്നാണ് അമ്മയുടെ സ്നേഹം. ഒരുസമയത്ത് നമ്മളെ വീർപ്പുമുട്ടിക്കുന്ന ആ കരുതലും സ്നേഹവും ഇല്ലാതായിക്കഴിയുമ്പോൾ എത്ര വലുതായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ദുഃഖം ചെറുതല്ല. എന്നാൽ, ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായവർ, ഓർമയിൽ പോലും ഒന്ന് കാണാൻ സാധിക്കാത്തവർ, ഒരു ചിത്രത്തിൽ പോലും അമ്മയുടെ മുഖം കണ്ടിട്ടില്ലാത്തവർ എന്നിങ്ങനെ അനേകം ആളുകൾ വേറെയുണ്ട്.

അക്കൂട്ടത്തിൽ ഒരാളാണ് ശ്രീദേവി. പിറന്നയുടനെ ‘അമ്മ കടത്തിണ്ണയിൽ ഉപേക്ഷിച്ചുപോയി. പിന്നീട് ഒരു നാടോടി സ്ത്രീ എടുത്തുവളർത്തിയ ശ്രീദേവി ആറാം വയസിൽ ജനസേവാ കേന്ദ്രത്തിലെത്തിയാണ് രക്ഷപ്പെട്ടത്. വർഷങ്ങൾക്കിപ്പുറം ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ ഉള്ളുതൊട്ട് കരഞ്ഞുകൊണ്ട് ശ്രീദേവി പറയുകയാണ് അന്ന് ഉപേക്ഷിച്ചുപോയ അമ്മയോട് ചില കാര്യങ്ങൾ.

തന്നെ ഉപേക്ഷിച്ച് പോയതിൽ ശ്രീദേവിക്ക് പരിഭവങ്ങൾ ഇല്ല. ജീവിതത്തിന്റെ യാതനകൾ മുഴുവൻ ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്നത് ആ അമ്മയുടെ പ്രവർത്തിക്കൊണ്ടാണ് എന്ന് ലോകം മുഴുവൻ പറഞ്ഞാലും ശ്രീദേവി, തന്റെ അമ്മയ്ക്ക് അന്നങ്ങനെ ചെയ്യേണ്ടി വന്ന സാഹചര്യമായിരിക്കാം എന്നാണ് പറയുന്നത്.

Read Also: പിറന്നയുടൻ കടത്തിണ്ണയിൽ ഉപേക്ഷിച്ച് അമ്മ പോയി; ഭിക്ഷാടന മാഫിയയുടെ കൈയ്യിലകപ്പെട്ട ശ്രീദേവിയെ രക്ഷിച്ചത് മമ്മൂട്ടി- ഉള്ളുലയ്ക്കുന്ന അനുഭവകഥ

ഇപ്പോഴിതാ, ഒരുകോടി വേദിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അമ്മയോട് ശ്രീദേവി അപേക്ഷിക്കുകയാണ്. അമ്മയുടെ സ്നേഹം കിട്ടാനായി ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് അമ്മാ..’, ‘എവിടെയുണ്ടെങ്കിലും വരണം അമ്മാ, പ്ലീസ്..’ എന്നൊക്കെ കണ്ണീരോടെ ഉപേക്ഷിച്ച് പോയ അമ്മയോട് ശ്രീദേവി അപേക്ഷിക്കുകയാണ്. വല്ലാതെ നൊമ്പരപ്പെടുത്തും ഈ കാഴ്ചയും ആ മകളുടെ വേദനയും.

Story highlights- Sridevi yearning for her mother’s love