മഞ്ഞുകാലമെത്തി- ഐസ് ഹോട്ടൽ ഒരുക്കാൻ തയ്യാറെടുത്ത് സ്വീഡൻ
ഫ്രോസൺ സിനിമയിലെ ഐസ് പാളികൾ കൊണ്ടു തീർത്ത കൊട്ടാരം കണ്ട് ഒരിക്കലെങ്കിലും കൊതി തോന്നാത്തവരുണ്ടാകില്ല. അങ്ങനെയൊരു മായിക ലോകത്ത് താമസിക്കാൻ സ്വീഡനിൽ എല്ലാ വർഷവും അവസരമൊരുക്കാറുണ്ട്. ചെറിയ ആർട്ട് ഗാലറിയായി ആരംഭിച്ച് ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു അതുല്യ ഹോട്ടലായി മാറിയതാണ് സ്വീഡനിലെ ഐസ്ഹോട്ടൽ. 1989ലാണ് ഈ ഹോട്ടൽ നിർമിച്ചത്. പൂർണമായും ഐസിൽ പണികഴിപ്പിച്ച ഈ ആഡംബര ഹോട്ടൽ ഒരോ വർഷവും പുതുക്കി പണിയാറുണ്ട്. ഇപ്പോൾ അതിന്റെ 33-ാമത്തെ ഡിസൈൻ ഒരുങ്ങുകയാണ്.
സ്വീഡനിലെ ജുക്കാസ്ജാർവിയിൽ ആദ്യത്തെ മഞ്ഞ് വീണതോടെയാണ് ഈ വർഷത്തെ വിന്റർ ഐസ് ഹോട്ടലിന്റെ ആസൂത്രണവും നിർമ്മാണവും ദ്രുതഗതിയിലായത്. 23 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള മൊത്തം 135 അപേക്ഷകരിൽ നിന്ന് 15 രാജ്യങ്ങളിൽ നിന്നുള്ള 24 കലാകാരന്മാരെ ‘ഐസ്ഹോട്ടൽ 33’ സൃഷ്ടിക്കാൻ തിരഞ്ഞെടുത്തു.
വസന്തകാലത്ത് ‘ഐസ്ഹോട്ടൽ 32’ ഉരുകി ടോൺ നദിയുമായി വീണ്ടും ഒന്നിച്ചപ്പോൾ, ഹോട്ടൽ അതിന്റെ ക്രിയേറ്റീവ് ഡയറക്ടർ ലൂക്കാ റോൺകൊറോണിയുമായി ചേർന്ന് ഈ വർഷത്തെ ശൈത്യകാല ഹോട്ടലിൽ ആർട്ട് സൃഷ്ടിക്കുന്ന 24 കലാകാരന്മാരെ തിരഞ്ഞെടുക്കുകയായിരുന്നു.
നവംബർ അവസാനത്തോടെ, കലാകാരന്മാർ ജുക്കാസ്ജാർവിയിലെ ഐസ്ഹോട്ടലിൽ ഒത്തുകൂടും. പ്രൊഡക്ഷൻ ആൻഡ് കൺസ്ട്രക്ഷൻ ക്രൂവിനൊപ്പം, 12 ആർട്ട് സ്യൂട്ടുകളും 24 ഐസ് റൂമുകളും 1 സെറിമോണിയൽ ഹാളും അടങ്ങുന്ന സീസണൽ ഹോട്ടൽ അവർ നിർമ്മിക്കും.
Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു
താമസ സൗകര്യത്തിന് പുറമെ കലാപരിപാടികൾ അവതരിപ്പിക്കാനും ഒത്തുചേരലുകൾ നടത്താനുമെല്ലാം ഈ ഹോട്ടലിൽ സൗകര്യം ഒരുക്കാറുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും മഞ്ഞു കാലത്ത് ഈ ഹോട്ടലിലേക്ക് എത്തുന്നത്.
Story highlights- sweden’s ice hotel 33rd edition