“അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല, പക്ഷെ കപ്പെടുത്തിട്ടേ ഞങ്ങൾ പോവൊള്ളൂ..”; ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിച്ച് വൈറലായ കുഞ്ഞ് മെസി ആരാധിക

November 23, 2022

അപ്രതീക്ഷിതമായ തോൽവിയാണ് ഇന്നലെ അർജന്റീന സൗദിയോട് നേരിട്ടത്. ലോകമെങ്ങുമുള്ള അർജന്റീന ആരാധകർക്ക് വലിയ ഞെട്ടൽ നൽകിയ തോൽവിയായിരുന്നു ടീം നേരിട്ടത്. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായിരുന്ന അർജന്റീനയെ അട്ടിമറി വിജയത്തിലൂടെയാണ് സൗദി അറേബ്യ കീഴടക്കിയത്. അപ്രതീക്ഷിതമായ തോൽവി നൽകിയ ആഘാതത്തിൽ നിന്ന് അർജന്റീന ആരാധകർ ഇപ്പോഴും മുക്തരായിട്ടില്ല.

അർജന്റീനയുടെ തോൽവിക്ക് ശേഷം കളിയാക്കിയ ബ്രസീൽ ആരാധകരോട് പൊട്ടിത്തെറിക്കുന്ന ഒരു കുഞ്ഞ് മെസി ആരാധികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലയണൽ മെസിയെ പറഞ്ഞപ്പോൾ തനിക്ക് സഹിച്ചില്ലെന്ന് ആരാധിക ട്വന്റിഫോറിനോട് പറഞ്ഞു. തിരൂർ മംഗലം സ്വദേശി ബാബുവിന്റെ മകൾ ലുബ്‌ന ഫാത്തിമയാണ് വിഡിയോയിലെ താരം. മംഗലം എഎൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ലുബ്‌ന. ആരാധികയുടെ വീറും വാശിയും അർജന്റീന ഫാൻസ് ക്ലബിൽ അടക്കം തരംഗമായിരുന്നു. അർജന്റീനയുടെ ജഴ്‌സി അണിഞ്ഞ കൂട്ടുകാരിയും ലുബ്‌നയ്‌ക്കൊപ്പമുണ്ട്. അർജന്റീന തോറ്റപ്പോ സഹിക്കാൻ പറ്റിയില്ല. മെസിയുടെ ഫോട്ടോ വെച്ചതൊക്കെ ആരാധകർ ചീത്തയാക്കിയെന്നും, അതൊന്നും തനിക്ക് സഹിച്ചില്ലെന്നും ലുബ്‌ന പറയുന്നു.

എന്നാൽ ഇനിയുള്ള രണ്ടുകളിയും അർജന്റീന ജയിക്കുമെന്നും കപ്പടിച്ചിട്ടേ ഞങ്ങൾ പോവുകയുള്ളുവെന്നും ഈ കുഞ്ഞ് ആരാധിക കൂട്ടിച്ചേർത്തു. അവസാന ഗോൾ അടിക്കാൻ വേണ്ടി ഞങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് സമയം തീർന്ന് പോയതെന്നും ലുബ്‌ന പറഞ്ഞു. അടുത്ത ദിവസം തന്നെ ബ്രസീലിന്റെ കളിയുണ്ട്. അവർ തോൽക്കട്ടെ, ഞങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും ലുബ്‌ന കൂട്ടിച്ചേർത്തു.

Read More: അർജന്റീന തോൽക്കാൻ കാരണമിതാണ്..; ചൂണ്ടിക്കാട്ടി മണിയാശാൻ, ട്രോളുമായി മന്ത്രി വി. ശിവൻകുട്ടി

അതേ സമയം ഇന്നലത്തെ മത്സരത്തിൽ സമനില നേടിയിരുന്നെങ്കിൽ പോലും ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽക്കാതെ മുന്നേറിയ ഇറ്റലിയുടെ റെക്കോർഡിനൊപ്പം എത്താനുള്ള സുവർണാവസരമാണ് അർജന്റീന കൈവിട്ടത്. 37 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഇറ്റലി കുതിച്ചത്. സൗദിയോട് ദയനീയമായി പരാജയപ്പെട്ടതോട് കൂടി അർജന്റീനയ്ക്ക് ഈ റെക്കോർഡിനെ പറ്റി ഇനി മറക്കാം.

Story Highlights: Viral little messi fan