ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത ആദ്യമായി വിമാനയാത്ര നടത്തി; യാത്ര സാധ്യമാക്കാൻ എയർലൈൻ നീക്കം ചെയ്തത് ആറ് സീറ്റുകൾ!

November 7, 2022

വിമാനയാത്ര അപ്രാപ്യമായ ഒന്നല്ല ഇന്ന്. അതത്ര വലിയ കാര്യവുമല്ല പലർക്കും. എന്നാൽ ചിലർക്ക് എത്ര സമ്പാദ്യം ഉണ്ടെന്നു പറഞ്ഞാൽ പോലും വിമാനയാത്ര സ്വപ്നം മാത്രമാണ്. പ്രത്യേകിച്ച്,7 അടി, 0.7 ഇഞ്ച് ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത റുമേസ ഗെൽഗിക്ക്! കാരണം, ഉയര കൂടുതൽ തന്നെ. എന്നാൽ, ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആ യാത്ര സാധ്യമായിരിക്കുകയാണ്.

ടർക്കിഷ് എയർലൈൻസിൽ സെപ്റ്റംബറിലാണ് ഇവർ സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്തത്. 13 മണിക്കൂർ നീണ്ട യാത്ര സുഗമമാക്കാൻ എയർലൈൻ ആറ് ഇക്കോണമി സീറ്റുകൾ നീക്കം ചെയ്യുകയും ഒരു പ്രത്യേക സ്ട്രെച്ചറാക്കി മാറ്റുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, റുമേസ ഗെൽഗി ഒരു ഫ്ലൈറ്റിൽ നേരെ ഇരുന്ന് യാത്ര ചെയ്യാൻ സാധ്യമല്ലാത്തവിധം ഉയരമുള്ളയാളാണ്.

വീവർ സിൻഡ്രോം എന്ന അസ്ഥി വളർച്ചയുടെ അവസ്ഥയാണ് റുമേസക്ക് കണ്ടെത്തിയത്. തൽഫലമായി, യുവതി സഞ്ചരിക്കാൻ വീൽചെയറിനെ ആശ്രയിക്കുന്നു.

തന്റെ ആദ്യ വിമാനയാത്രയ്ക്ക് ശേഷം, റുമേസ ഗെൽഗി ഇൻസ്റ്റാഗ്രാമിൽ അനുഭവവും കുറിച്ചു. തന്റെ ഫ്ലൈറ്റ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ എഴുതിയത് ഇങ്ങനെ- “ഇത് എന്റെ ആദ്യത്തെ ഫ്ലൈറ്റ് ആയിരുന്നു, പക്ഷേ ഇത് തീർച്ചയായും അവസാനമായിരിക്കില്ല. ഇനി മുതൽ, ടർക്കിഷ് എയർലൈൻസ് ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്നതിൽ ഞാൻ വളരെ സന്തോഷവതിയുമാണ്. എന്റെ യാത്രയിൽ പങ്കെടുത്ത ഓരോ വ്യക്തിക്കും ഹൃദയംഗമമായ നന്ദി.”

Read Also: അച്ഛന്റെ സംഗീത മോഹങ്ങൾ സഫലമാക്കുന്ന ഒരു കുഞ്ഞുമോൾ; ഇത് കുട്ടി ജാനകിയമ്മ ലയനക്കുട്ടി

ആരംഭം മുതൽ അവസാനം വരെ കുറ്റമറ്റ യാത്ര എന്നാണ് ആദ്യ വിമാനയാത്രയെ റുമേസ വിശേഷിപ്പിച്ചത്. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായ റുമേസ കരിയറിൽ ശ്രദ്ധനൽകാനാണ് കാലിഫോർണിയയിലേക്ക് മാറിയത്. കൂടാതെ, അവർ ഗിന്നസ് വേൾഡ് റെക്കോർഡുമായി ചേർന്നും പ്രവർത്തിക്കും.

Story highlights- World’s tallest woman takes her first flight