ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ 7 വർഷം പിന്നിലാണ് ഈ സ്ഥലം; 13 മാസമുള്ള ഒരേയൊരു രാജ്യത്തെക്കുറിച്ച് അറിയാം

December 26, 2022

പ്രകൃതിദത്തമായ അത്ഭുതങ്ങൾ, അമ്പരപ്പിക്കുന്ന ചരിത്രം, അപൂർവ വന്യജീവികൾ, എല്ലാം ചേർന്നൊരു രാജ്യമാണ് എത്യോപ്യ. ആരും പൊതുവെ വിനോദ യാത്രയ്ക്കായി തിരഞ്ഞെടുക്കാറില്ലാത്ത സ്ഥലം കൂടിയാണ് എത്യോപ്യ. കാരണം, അവിടുത്തെ ചരിത്രപരമായ പ്രത്യേകതകളെക്കുറിച്ചുള്ള അജ്ഞത തന്നെ. മറ്റു രാജ്യങ്ങളിൽ നിന്നും എത്യോപ്യ വേറിട്ടുനിൽക്കുന്നത് കലണ്ടറിന്റെ പ്രത്യേകത കൂടി കൊണ്ടാണ്.

ആഫ്രിക്കയിലെ ഏറ്റവും മനോഹരവും ഫലഭൂയിഷ്ഠവുമായ രാജ്യങ്ങളിലൊന്നാണിത്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ പോലെ ക്ഷാമവും വരൾച്ചയും ബാധിച്ചതാണെന്ന ധാരണയ്ക്ക് നേരെ വിപരീതമാണ് എത്യോപ്യ. കോട്ടകൾ, മരുഭൂമികൾ, അപൂർവ വന്യജീവികൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന കാഴ്ചകൾ ഇവിടെയുണ്ട്.

കലണ്ടറാണ് എത്യോപ്യയുടെ പ്രത്യേകതയെന്ന് പറഞ്ഞല്ലോ. വെസ്റ്റേൺ ഗ്രിഗോറിയൻ കലണ്ടറിന് സമാനമല്ലാത്ത സ്വന്തം കലണ്ടറുകൾ പിന്തുടരുന്ന നിരവധി സംസ്കാരങ്ങൾ ലോകമെമ്പാടും ഉണ്ട്. എന്നാൽ, അവയെല്ലാം വർഷത്തിൽ 12 മാസമെന്ന നിയമം പാലിക്കുന്നുണ്ട്. പക്ഷേ, ഒരു എത്യോപ്യൻ വർഷം 13 മാസം ഉൾപെടുന്നതാണ്. അതായത്, ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള കണക്കിൽ നിന്നും ഏഴ് വർഷം പിന്നിലാണ്. ലോകം 2020ൽ എത്തിയെങ്കിലും എത്യോപ്യ ഇപ്പോൾ ഏഴുവർഷം പിന്നിലാണ്.

എത്യോപ്യക്കാർ 2007 സെപ്റ്റംബർ 11നാണ് മില്ലേനിയം ആഘോഷിച്ചത്; എ.ഡി 525-ൽ റോമൻ സഭ ഭേദഗതി ചെയ്ത അതേ കലണ്ടറിൽ എത്യോപ്യക്കാർ തുടർന്നതാണ് ഇതിന് കാരണം.ആദ്യ 12 മാസങ്ങളിൽ 30 ദിവസമാണുള്ളത്. പഗുമെ എന്നറിയപ്പെടുന്ന അവസാന മാസത്തിന് ഒരു അധിവർഷത്തിൽ അഞ്ചോ ആറോ ദിവസവും ഉണ്ടാകാറുണ്ട്.

Read Also: പകൽ പഠനം, രാത്രിയിൽ കോച്ചിങ്ങിനായി പണം കണ്ടെത്താൻ ചായ വിൽപന- പ്രചോദനമായൊരു യുവാവ്

ഇപ്പോഴും എത്യോപ്യ അതിന്റെ പുരാതന കലണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. എങ്കിലും ഇപ്പോൾ മിക്ക എത്യോപ്യക്കാർക്കും ഗ്രിഗോറിയൻ കലണ്ടറിനെക്കുറിച്ച് അറിയാം. ചിലർ രണ്ട് കലണ്ടറുകളും ഉപയോഗിക്കുന്നുണ്ട്. മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ചില പ്രധാനപ്പെട്ട ആഘോഷദിനങ്ങൾ രാജ്യം ആഘോഷിക്കുന്നുണ്ട്.

കൊളോണിയൽ നിയന്ത്രണത്തിലായിട്ടില്ലാത്ത ഒരേയൊരു ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ. 1935ൽ ഇറ്റലിക്കാർക്ക് ഇത് കോളനിവത്കരിക്കാനും ആറുവർഷം സൈന്യവുമായി രാജ്യം ഭരിക്കാനും കഴിഞ്ഞു. പക്ഷേ, എത്യോപ്യൻ സേന അക്കാലമത്രയും സൈനിക ഭരണത്തെ എതിർത്തു. ഒടുവിൽ രാജ്യത്തെ അടിച്ചമർത്തുന്നവരിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു.

Story highlights- about Ethiopian calendar