വിവാദ റഫറിയെ തിരികെ അയച്ചു; അർജന്റീന-ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുന്നത് ലോകകപ്പിലെ ഏറ്റവും മികച്ച റഫറി
ഏറെ വിവാദങ്ങൾക്ക് വഴി വെച്ച ഒരു മത്സരമായിരുന്നു അർജന്റീനയും നെതർലൻഡ്സും തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടം. മെസിയടക്കം 17 പേര്‍ക്ക് മത്സരത്തിൽ മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു. 48 ഫൗളുകളാണ് മത്സരത്തിൽ നടന്നത്. അർജന്റീന 18 ഫൗളുകളിൽ ഉൾപ്പെട്ടപ്പോൾ 30 ഫൗളുകളാണ് നെതർലൻഡ്സിന്റെ ഭാഗത്ത് നിന്നുണ്ടായത്.
മത്സരത്തിന് പിന്നാലെ റഫറിക്കെതിരെ കടുത്ത വിമർശനവുമായി അർജന്റീന രംഗത്ത് വന്നിരുന്നു. മത്സരം നിയന്ത്രിച്ച അന്റോണിയോ മത്തേയു ലാഹോസ് നിലവാരമില്ലാത്ത റഫറിയാണെന്നായിരുന്നു മെസി അടക്കമുള്ള താരങ്ങൾ അഭിപ്രായപ്പെട്ടത്. മത്സരത്തിൽ സ്പെയിൻകാരനായ അന്റോണിയോ അനാവശ്യമായി കാർഡുകൾ പുറത്തെടുത്തു എന്നായിരുന്നു റഫറി നേരിട്ട പ്രധാന വിമർശനം. ലോകകപ്പിലെ ബാക്കിയുള്ള മത്സരങ്ങൾ നിയന്ത്രിക്കാൻ അന്റോണിയോ മത്തേയു ലാഹോസ് ഉണ്ടാവില്ലെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
ഇറ്റാലിയന്‍ റഫറിയായ ഡാനിയേല ഓര്‍സാറ്റാണ് അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമിഫൈനൽ മത്സരം നിയന്ത്രിക്കുന്നത്. ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച റഫറിമാരിലൊരാളാണ് ഓര്‍സാറ്റ്. ഇനിയുള്ള മത്സരങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കാൻ കൂടിയാണ് പാനലിലെ ഏറ്റവും മികച്ച റഫറിമാരെ കളത്തിലിറക്കാൻ ഫിഫ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ.
Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ
അതേ സമയം ഇന്ന് രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ മെസിയുടെ അർജന്റീന മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ നേരിടും. ഇരു താരങ്ങളും തങ്ങളുടെ അവസാന ലോകകപ്പിനായാണ് ഇറങ്ങിയിരിക്കുന്നത്. അത് കൊണ്ട് തന്നെ മെസിക്കും മോഡ്രിച്ചിനും വേണ്ടി ലോകകപ്പ് നേടാൻ തന്നെയാണ് അർജന്റീനയും ക്രൊയേഷ്യയും എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് ഏറ്റവും മികച്ച യാത്രയയപ്പ് നൽകാനാണ് ഇരു ടീമുകളും ആഗ്രഹിക്കുന്നത്. നേരത്തെ മെസിയെ കുറിച്ചുള്ള ചോദ്യത്തിന് മോഡ്രിച്ച് പങ്കുവെച്ച മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ”മെസിയെ പിടിച്ചുകെട്ടുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടീം ഒറ്റക്കെട്ടായി അര്‍ജന്റീനയെ മറികടക്കും”- മത്സരത്തിന് മുൻപുള്ള വാര്‍ത്താസമ്മേളനത്തില്‍ മോഡ്രിച്ച് പറഞ്ഞു.
Story Highlights: Antonio mateu lahoz sent home after controversial decision