“എൻ.എസ് മാധവനെ പിന്തുണയ്ക്കുന്നില്ല, പക്ഷെ..”; ‘ഹിഗ്വിറ്റ’ വിവാദത്തിൽ പ്രതികരണവുമായി ബെന്യാമിൻ

December 2, 2022

ഹിഗ്വിറ്റ എന്ന ചിത്രത്തെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് നൽകിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാവുന്നത്. എഴുത്തുകാരൻ എൻ.എസ് മാധവന്റെ ഏറെ പ്രശസ്‌തമായ കഥയാണ് ഹിഗ്വിറ്റ. ചിത്രത്തിന്റെ പേരിൽ വിമർശനവുമായി എഴുത്തുകാരൻ തന്നെ രംഗത്ത് വന്നിരുന്നു.

ഇപ്പോൾ വിഷയത്തിൽ എഴുത്തുകാരൻ ബെന്യാമിൻ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാവുന്നത്. ‘ഹിഗ്വിറ്റ’ എൻ.എസ് മാധവന്റെ മാത്രം സ്വന്തമല്ലെന്നാണ് ബെന്യാമിൻ പറയുന്നത്. അതുകൊണ്ട് വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ലെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ലെന്ന് പറഞ്ഞ ബെന്യാമിൻ, ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകളെന്നും കൂട്ടിച്ചേർത്തു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

“ഹിഗ്വിറ്റ, മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാൽ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല. ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകൾ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങൾ നൂറായിരം. എന്നിട്ട് ഈ സിനിമക്കാർ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റർ ചെയ്യും. പിന്നെ ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവൻ സ്വന്തം പേരിൽ പിടിച്ചു വയ്ക്കും. മാധവനു എതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണ്.”- ബെന്യാമിൻ കുറിച്ചു.

Story Highlights: Benyamin about higuita controversy