സോക്കറിനായി പിറന്ന ഇതിഹാസം- പെലെ ഓർമ്മയാകുമ്പോൾ..
“ബീഥോവൻ സംഗീതം എഴുതാനും മൈക്കലാഞ്ചലോ പെയിന്റ് ചെയ്യാനുമാണ് ജനിച്ചത്.അതുപോലെ ഞാൻ ഫുട്ബോൾ കളിക്കാനാണ് ജനിച്ചത്,” പെലെയുടെ പ്രസിദ്ധമായ വാചകമാണിത്. ദാരിദ്യത്തിൽ നിന്നും ആധുനിക ചരിത്രത്തിലെ ഏറ്റവും മികച്ചതും അറിയപ്പെടുന്നതുമായ അത്ലറ്റുകളിൽ ഒരാളായി മാറിയ ബ്രസീലിയൻ ഫുട്ബോൾ താരം പെലെ, 82-ാം വയസ്സിൽ അന്തരിച്ചു. വൻകുടലിൽ ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹം ആശുപത്രിയിലും അല്ലാതെയും ചികിത്സയിലായിരുന്നു.
എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ എന്നാണ് പെലെയുടെ യഥാർത്ഥ പേര്., 1,281 ഗോളുകൾ നേടിയ ലോക റെക്കോർഡ്, മൂന്ന് തവണ ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരൻ എന്ന നിലയിലൊക്കെ ചരിത്രം രചിച്ച ഇതിഹാസതാരത്തിന്റെ വിടവാങ്ങലോടെ ഒരു കാലഘട്ടത്തിന്റെ ഫുട്ബോൾ ആവേശത്തിനാണ് അന്ത്യമായിരിക്കുന്നത്.
ചെറുപ്പത്തിൽ അനുഭവിച്ച വെല്ലുവിളികൾ പിന്നീട് ജീവിതവിജയമായി മാറ്റിയ പെലെ, ഒട്ടേറെ കാര്യങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഫുട്ബോളിനെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാക്കി മാറ്റാൻ അദ്ദേഹം സഹായിച്ചു. കൂടാതെ ഏഴ് പതിറ്റാണ്ട് നീണ്ട കരിയറിൽ പ്രമുഖരായ ഒട്ടേറെ ആളുകളെ അദ്ദേഹം ആകർഷിച്ചു.
1940 ഒക്ടോബർ 23-ന് മൈനാസ് ഗെറൈസ് പട്ടണമായ ട്രെസ് കോറാസെസിൽ ജനിച്ച എഡ്സൺ അരാന്റേസ് ഡോ നാസിമെന്റോ തന്റെ പിതാവിൽ നിന്നാണ് ഫുട്ബോൾ കളി പഠിച്ചത്. കാൽമുട്ടിനേറ്റ പരുക്ക് മൂലം കരിയർ പാളം തെറ്റിയ ഒരു സെമി-പ്രൊഫഷണൽ കളിക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
പെലെ എന്ന പ്രസിദ്ധമായ വിളിപ്പേരിന്റെ ഉത്ഭവവും സ്വന്തം നാട് തന്നെയായിരുന്നു. അടുത്തുള്ള ഗെയിമുകളിൽ ഗോൾകീപ്പറായി കളിച്ച അദ്ദേഹത്തെ കുട്ടികൾ “ബൈൽ” എന്ന പ്രാദേശിക കളിക്കാരനുമായി താരതമ്യം ചെയ്യാൻ തുടങ്ങി. പിന്നീട് അത് പെലെ എന്നായി മാറി. അതിനെത്രത്തോളം വസ്തുതയുണ്ടെന്ന് വ്യക്തമല്ലെങ്കിലും പെട്ടെന്നുതന്നെ ഒരു ഗോൾകീപ്പർ എന്ന നിലയിൽ മാത്രമല്ല, മറിച്ച് ഒരു അറ്റാക്കിംഗ് ഫോർവേഡായി മാറി അദ്ദേഹം.
60 വർഷത്തിലേറെയായി, പെലെ എന്ന പേര് സോക്കറിന്റെ പര്യായമാണ്. അദ്ദേഹം നാല് ലോകകപ്പുകളിൽ കളിച്ചു, മൂന്ന് തവണ വിജയിച്ച ചരിത്രത്തിലെ ഒരേയൊരു കളിക്കാരനാണ് അദ്ദേഹം. അതേസമയം, ഫുട്ബോൾ ഇതിഹാസത്തിന് ആദരാഞ്ജലികൾ ഒഴുകുകയാണ്. പെലെയുടെ ആദ്യ ക്ലബായ സാന്റോസ് എഫ്സി ട്വിറ്ററിൽ മരണ വാർത്തയോട് പ്രതികരിച്ചത് ‘എന്നെന്നും’ എന്ന വാക്കുകൾ ഉപയോഗിച്ചാണ്.
പെലെ എല്ലാം മാറ്റിമറിച്ചെന്ന് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ കുറിക്കുന്നു. ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി “അദ്ദേഹം ഫുട്ബോളിനെ കലയാക്കി, വിനോദമാക്കി. അദ്ദേഹം ദരിദ്രർക്കും കറുത്തവർക്കും പ്രത്യേകിച്ച് ബ്രസീലിന് ദൃശ്യപരത നൽകി. ഫുട്ബോളും ബ്രസീലും അവരുടെ പദവി ഉയർത്തിയ രാജാവിന് നന്ദി!” അദ്ദേഹം കൂട്ടിച്ചേർത്തു.
പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ അനുശോചനം അറിയിച്ചു,’ നിലവിൽ ഫുട്ബോൾ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന വേദന പ്രകടിപ്പിക്കാൻ നിത്യ രാജാവായ പെലെയ്ക്ക് ഒരു “ഗുഡ്ബൈ” പറഞ്ഞാൽ ഒരിക്കലും മതിയാകില്ല..’.
Story highlights- Brazilian soccer legend Pelé dies at 82