8 മാസം കൊണ്ട് 46 കിലോ കുറച്ച് പോലീസ് ഉദ്യോഗസ്ഥൻ- പ്രചോദനമായി രൂപമാറ്റം!
ഇന്നത്തെ ജീവിത സാഹചര്യങ്ങളാണ് തടി വർധിക്കുന്നതിന് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇക്കാലത്ത് മിക്കവരെയും അലട്ടുന്ന ഒന്നാണ് അമിതവണ്ണം. ശരീരഭാരം കുറയ്ക്കുന്നതിനായി ചിട്ടയായ ജീവിത ശൈലിയും ഭക്ഷണ ശീലവും വളർത്തിയെടുക്കേണ്ടതായുണ്ട്. എന്നാൽ, മടി കാരണം പലരും അതിന് മുതിരാറില്ല. ഇപ്പോഴിതാ, ശരീരഭാരം കുറച്ചതിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ.
ജിതേന്ദ്ര മണി എന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥനാണ് ശരീരഭാരം കുറച്ചതിലൂടെ ശ്രദ്ധേയനായിരിക്കുന്നത്. ഒന്നും രണ്ടുമല്ല, എട്ട് മാസത്തിനുള്ളിൽ 46 കിലോയാണ് ഈ സീനിയർ പോലീസ് ഉദ്യോഗസ്ഥൻ കുറച്ചത്. ഈ നേട്ടം കൈവരിച്ചതിന് ശേഷം പോലീസ് കമ്മീഷണർ സഞ്ജയ് അറോറ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ യാത്ര ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ ഇദ്ദേഹം 130 കിലോഗ്രാം ഭാരമുള്ളയാളായിരുന്നു. കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരഭാരം അമിതമായതിനാൽ അനുഭവിക്കേണ്ടിവന്നിരുന്നു. ഒടുവിൽ താൻ ആരോഗ്യവാനല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം തന്റെ ജീവിതശൈലി മാറ്റി ഫിറ്റാകാൻ തീരുമാനിച്ചു.
എട്ട് മാസത്തിനുള്ളിൽ ഇദ്ദേഹം 46 കിലോ കുറയ്ക്കുകയും ചെയ്തു. മരുന്നോ ഗുളികകളോ ഇല്ലാതെ അദ്ദേഹം തന്റെ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് സാധാരണ നിലയിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല, ആ എട്ടുമാസം ചോറും ചപ്പാത്തിയും കഴിക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥൻ അതിജീവിച്ചത്.
Read Also: അധിക കൊഴുപ്പില്ലാതെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
വണ്ണം കുറയ്ക്കാനും ആരോഗ്യവാനായി തുടരാനും ജിതേന്ദ്ര മണി ദിവസവും 15,000 ചുവടുകൾ നടക്കുന്നു. കാർബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണവും കഴിക്കുന്നു, വെള്ളവും പാവയ്ക്ക ജ്യൂസും ഒഴിവാക്കാതെ കുടിക്കുന്നു. ആപ്പിൾ, പപ്പായ, കിവി, പേരക്ക തുടങ്ങിയ പഴങ്ങളും ജിതേന്ദ്ര മണി കഴിക്കാറുണ്ട്. ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ മുമ്പായി ധാരാളം ഫ്രഷ് സാലഡ് കഴിക്കുകയും ഉച്ചയ്ക്ക് തേങ്ങാവെള്ളമോ മോര് വെള്ളമോ കുടിക്കുകയോ ചെയ്യും. എന്തായാലും ഈ മാറ്റം അത്ഭുതാവഹമാണ്.
Story highlights- Delhi cop loses 46 kg in 8 months