മെസിക്ക് പിന്നാലെ അപ്രതീക്ഷിത പ്രഖ്യാപനവുമായി ഡി മരിയ; ആരാധകരുടെ ആവേശം വാനോളം

December 24, 2022

അർജന്റീന വീണ്ടും ഒരു സുവർണ കാലഘട്ടത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. 36 വർഷത്തിന് ശേഷമുള്ള ലോകകപ്പ് നേട്ടം ആരാധകർ വലിയ രീതിയിലാണ് ആഘോഷിച്ചത്. ലോകകപ്പ് നേടി തിരികെ നാട്ടിലെത്തിയ മെസിക്കും കൂട്ടർക്കും വമ്പൻ സ്വീകരണമാണ് അവർ ഒരുക്കിയത്. ബ്യുണസ് അയേഴ്‌സിൽ തടിച്ചു കൂടിയ ആരാധകരുടെ എണ്ണം അമ്പരപ്പിക്കുന്നതായിരുന്നു.

ലോകകപ്പ് നേടിയതിന് ശേഷം തുടർന്നും ടീമിൽ കളിക്കുമെന്ന് നായകൻ മെസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് നേടിയ ടീമിനൊപ്പം കളിക്കാൻ ആഗ്രഹമുണ്ടെന്നാണ് മെസി അറിയിച്ചത്. ഇതോടെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. ഇപ്പോൾ മെസിക്ക് പിന്നാലെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത എത്തിയിരിക്കുകയാണ്.

സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയയും തുടർന്നും ദേശീയ കുപ്പായത്തിൽ കളിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ലോകകപ്പിന് ശേഷം താരം വിരമിക്കാൻ സാധ്യതയുണ്ടെന്നാണ് നേരത്തെ പുറത്തു വന്ന വാർത്തകൾ സൂചിപ്പിച്ചത്. എന്നാൽ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായി കളിക്കണമെന്ന ആഗ്രഹത്താലാണ് മുൻ തീരുമാനം മാറ്റുന്നതെന്ന് ഡി മരിയ പറഞ്ഞു. പരിക്ക് കാരണം ലോകകപ്പിലെ പല മത്സരങ്ങളും നഷ്‌ടപ്പെട്ട താരം ഫൈനൽ മത്സരത്തിൽ തകർപ്പൻ ഫോമിലായിരുന്നു. ഫൈനലിൽ അർജന്റീനയ്ക്കായി നിർണായകമായ ഒരു ഗോളും ഡി മരിയ നേടി.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

അതേ സമയം അർജന്റീനയുടെയും ഇതിഹാസ താരം ലയണൽ മെസിയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ടീം ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Di maria will continue playing for argentina