“11 വർഷങ്ങൾ, എന്റെ താടി നരച്ചു, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നു..”; വിവാഹവാർഷികത്തിൽ അമാലിന് മനസ്സ് തൊടുന്ന കുറിപ്പുമായി ദുൽഖർ സൽമാൻ
മലയാള സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറത്തേക്കും വളർന്ന ആരാധക വൃന്ദമാണ് ദുൽഖറിന്റേത്. ഓകെ കണ്മണി, കണ്ണും കണ്ണും കൊള്ളയടിത്താൽ, സീത രാമം, സോയ ഫാക്ടർ, ചുപ് തുടങ്ങിയ ചിത്രങ്ങളൊക്കെ ദുൽഖറിന് തമിഴ്, തെലുങ്ക്, ഹിന്ദി ഇന്ഡസ്ട്രികളിൽ വലിയ പ്രശസ്തി നേടി കൊടുത്ത ചിത്രങ്ങളാണ്.
ഇപ്പോൾ തന്റെ വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ച് ദുൽഖർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. ഭാര്യ അമാലിനൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ദുൽഖർ സമൂഹമാധ്യമങ്ങളിൽ മനസ്സ് തൊടുന്ന കുറിപ്പ് പങ്കുവെച്ചത്. “വളരെ വൈകിപ്പോയ പോസ്റ്റ് ! പക്ഷേ ഇന്നത്തെ ദിവസം ഭ്രാന്തമായിരുന്നുവെന്ന് നിനക്കറിയാം. പതിനൊന്ന് വർഷം ! ഇത്രയും കാലം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോൾ, നീ അമ്മമാരുടെ ഗ്രൂപ്പിൽ ചേർന്നപ്പോൾ, നമ്മൾ സ്വന്തം വീട് വാങ്ങിയപ്പോൾ. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ”- ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ദുൽഖർ കുറിച്ചു.
Read More: ആദി ശങ്കറിന് രണ്ടാം ജന്മം നൽകി ദുൽഖർ സൽമാൻ ഫാമിലി- നന്ദി പറഞ്ഞ് ഒരു ഗ്രാമം
അതേ സമയം കഴിഞ്ഞ ദിവസം കോട്ടയത്തെ ചെമ്പ് എന്ന ഗ്രാമത്തിലെ ആളുകൾ ദുൽഖറിന് നന്ദി പറഞ്ഞു രംഗത്ത് വന്നിരുന്നു. ആദിശങ്കർ എന്ന കുട്ടിയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തികൊടുത്തതിനാണ് ദുൽഖർ സൽമാൻ ഫാമിലിയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെമ്പ് ഗ്രാമനിവാസികൾ നന്ദി അറിയിച്ചത്. ‘ദുൽഖർ സൽമാൻ ഫാമിലിക്ക് ..നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങൾ നൽകിയത് അക്ഷരാർത്ഥത്തിൽ ഒരു രണ്ടാം ജൻമവും ജീവിതവുമാണ്. നിങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകർന്ന് പോകുമായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വർഷമായി അവൻ അനുഭവിച്ച് വന്നിരുന്ന ദുരിതജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് മാതൃകയാവുക കൂടിയാണ്. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂർണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിർധനരായ കുട്ടികൾക്ക് ചികിത്സാ സഹായം ആവശ്യമെങ്കിൽ സഹായിക്കാൻ ദുൽഖർ സൽമാൻ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങൾ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുൽഖർ സൽമാൻ ഫാമിലിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ആദിശങ്കർ സർജറി കഴിഞ്ഞ് സുഖമായി വരുന്നു’.
Story Highlights: Dulquer salman heartfelt note to his wife