ലോകകപ്പിന്റെ പ്രതിഫലമായ 2.63 കോടി മൊറോക്കോയിലെ പാവപ്പെട്ടവർക്ക്; പ്രഖ്യാപനവുമായി ഹക്കീം സിയേഷ്

December 20, 2022

ലോകകപ്പ് അവസാനിച്ചു. ഒരു മാസം നീണ്ടു നിന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഫുട്‌ബോളിന്റെ മിശിഹായായ ലയണൽ മെസിയും അർജന്റീനയും ലോക കിരീടത്തിൽ മുത്തമിട്ടു. ഇനി നാല് വർഷത്തെ കാത്തിരിപ്പ്. ത്രില്ലടിപ്പിച്ച ഒട്ടേറെ മത്സരങ്ങളോടൊപ്പം മനസ്സ് നിറയ്ക്കുന്ന നിരവധി കാഴ്ച്ചകളും ഖത്തർ ലോകകപ്പിന്റെ പ്രത്യേകതയായിരുന്നു.

ലോകകപ്പ് അവസാനിച്ചെങ്കിലും മനസ്സ് നിറയ്ക്കുന്ന ഒട്ടേറെ വാർത്തകളാണ് ഇപ്പോഴും പുറത്തു വന്ന് കൊണ്ടിരിക്കുന്നത്. ലോകകപ്പിൽ നിന്ന് തനിക്ക് കിട്ടിയ പ്രതിഫലം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മൊറോക്കൻ താരം ഹക്കീം സിയേഷ്. സെമി വരെ എത്തിയ മൊറോക്കോ താരത്തിന് 2,77,575 പൗണ്ട്(ഏകദേശം 2.63 കോടി രൂപ) ആയിരിക്കും ലഭിക്കുക. ഇത് മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നാണ് താരം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മൊറോക്കോയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവുന്ന താരമാണ് ഹക്കീം സിയേഷ്. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി ‘സ്വീപ്’ എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ സിയേഷിന്റെ നേതൃത്വത്തിൽ മൊറോക്കോയിൽ നടന്നുവരുന്നുണ്ട്. ‘പണത്തിനു വേണ്ടിയല്ല ഞാൻ മൊറോക്കോയ്ക്ക് വേണ്ടി കളിച്ചത്. എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം ആവശ്യക്കാരായ പാവങ്ങൾക്ക് നൽകും.’-ഹക്കീം സിയേഷ് പറഞ്ഞതായി മാധ്യമപ്രവർത്തകൻ ഖാലിദ് ബെയ്ദൂ ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രരായ കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായും ഖാലിദ് പറഞ്ഞു.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

അതേ സമയം ഞായറാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടു. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Hakim ziyech donates world cup earnings to the poor in morocco