ബംഗ്ലാദേശിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യ; ആദ്യ ഏകദിനത്തിൽ 1 വിക്കറ്റിന്റെ കനത്ത തോൽവി

December 4, 2022

അപ്രതീക്ഷിതമായ തോൽവി നൽകിയ ഞെട്ടലിലാണ് ടീം ഇന്ത്യ. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ വലിയ തകർച്ചയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറില്‍ 186 ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 46 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ വിജയം സ്വന്തമാക്കി.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇതോടെ ബംഗ്ലാദേശ് മുന്നിലെത്തിയിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ടീമിൽ ഇടം ലഭിച്ചില്ല. താരത്തെ ബിസിസിഐ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. ടെസ്റ്റ് പരമ്പരയിൽ ഋഷഭ് തിരികെയെത്തും. ഇന്നത്തെ കളിയിൽ കെ.എൽ രാഹുലാണ് ഇന്ത്യക്കായി വിക്കറ്റ് കീപ്പറായത്. മധ്യ പ്രദേശ് പേസർ കുൽദീപ് സെൻ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറി. വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹ്‌മദ് തുടങ്ങിയവരും ഇന്ന് ടീമിലുണ്ടായിരുന്നു.

Read More: നെയ്‌മർ പരിശീലനം തുടങ്ങി; പരിക്കിന്റെ ആശങ്കകൾക്കിടയിലും ബ്രസീൽ ആരാധകർക്ക് ആശ്വാസം

നാടകീയമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങൾ. ഇന്ത്യ ഉയർത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ 39.3 ഓവറില്‍ 136 റണ്‍സില്‍ വച്ച് ഒന്‍പത് വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. പക്ഷെ പിന്നീട് ഒരു വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ഷര്‍ദ്ദുല്‍ ഠാക്കൂറും ദീപക് ചാഹറും മുഹമ്മദ് സിറാജും കുല്‍ദീപ് സെന്നും മാറിമാറി പന്തെറിഞ്ഞിട്ടും ബംഗ്ലാദേശിന്റെ വിക്കറ്റ് തെറിപ്പിക്കാൻ കഴിഞ്ഞില്ല. 39 പന്തില്‍ 38 റണ്‍സെടുത്ത മെഹിദി ഹസനും 11 പന്തില്‍ 10 റണ്‍സെടുത്ത മുസ്‌താഫിസൂര്‍ റഹ്‌മാനും ചേർന്ന് ബംഗ്ലാദേശിന് മിന്നുന്ന വിജയമാണ് സമ്മാനിച്ചത്. ഇരുവരുടെയും 51 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായത്.

Story Highlights: India huge loss against bangladesh