ചങ്കിൽ മാത്രമല്ല തലയിലുമുണ്ട് മെസി; മെസിയുടെ രൂപത്തിൽ തലമുടി വെട്ടിയ ‘വ്യത്യസ്തനായ ഒരു ബാർബ’റുടെ വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

December 18, 2022

ഇതിഹാസ താരം മെസിയുടെ അവസാന മത്സരം കാണാനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ. ലോകകപ്പിൽ മുത്തമിട്ട് മെസി മടങ്ങണമെന്നാണ് കളിപ്രേമികളൊക്കെ ആഗ്രഹിക്കുന്നത്. മെസിക്ക് വേണ്ടി കപ്പ് നേടാനുറച്ച് തന്നെയാണ് അർജന്റീന ഇന്നിറങ്ങുന്നത്. കരുത്തരായ ഫ്രാൻസാണ് ഫൈനലിൽ അർജന്റീനയുടെ എതിരാളികൾ.

എല്ലായിടത്തും ആരാധകർ ആവേശത്തിലാണ്. മെസിയുടെ ജേഴ്‌സി ചൂടപ്പം പോലെയാണ് വിറ്റ് പോയിക്കൊണ്ടിരിക്കുന്നത്. ആരാധകരുടെ മെസിയോടുള്ള ആവേശത്തിന്റെ ദൃശ്യങ്ങളാണ് ലോകമെങ്ങും കാണാൻ കഴിയുന്നത്. പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമൊക്കെ മെസിയെ പറ്റിയുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സമയത്താണ് മെസിയുടെ രൂപത്തിൽ തലമുടി വെട്ടിയ ഒരാളുടെ വിഡിയോ വൈറലായി കൊണ്ടിരിക്കുന്നത്.

ബിസിനസുകാരനും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്രയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 2018 ലോകകപ്പ് സമയത്ത് വൈറലായ വിഡിയോയാണ് അദ്ദേഹം വീണ്ടും പങ്കുവെച്ചിരിക്കുന്നത്. “ഇത് നാലു വര്‍ഷം മുമ്പുള്ള ലോകകപ്പ് സമയത്തെ വിഡിയോ ആണെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും നാളെ നടക്കുന്ന ചരിത്ര ഫൈനല്‍ സമയത്ത് ഈ വിഡിയോ ഏറ്റവും അനുയോജ്യമാണെന്ന് തോന്നുന്നു. മെസിക്കൊപ്പം”- എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ വൈറലായത്.

Read More: ജേഴ്‌സിയണിയുന്ന ടീം തോൽക്കും, വ്യത്യസ്‌തമായ പ്രവചനവുമായി ഒരു ആരാധകൻ; ഫൈനലിൽ ഏത് ജേഴ്‌സിയണിയുമെന്ന ആകാംക്ഷയോടെ ഫുട്‌ബോൾ പ്രേമികൾ

അതേ സമയം സെമിയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളിന് തകർത്താണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. ഈ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന മൊറോക്കോയെ എതിരില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിന് യോഗ്യത നേടിയത്. തുല്യ ശക്തികളായ അർജന്റീനയും ഫ്രാൻസും ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ മികച്ച മത്സരമായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രാത്രി 8.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുന്നത്.

Story Highlights: Lionel messi special haircut video