ജേഴ്‌സിയണിയുന്ന ടീം തോൽക്കും, വ്യത്യസ്‌തമായ പ്രവചനവുമായി ഒരു ആരാധകൻ; ഫൈനലിൽ ഏത് ജേഴ്‌സിയണിയുമെന്ന ആകാംക്ഷയോടെ ഫുട്‌ബോൾ പ്രേമികൾ

December 17, 2022

ലോകകപ്പ് നടക്കുന്ന സമയത്ത് മത്സരഫലങ്ങൾ പ്രവചിക്കുന്നത് ഏറെ ശ്രദ്ധേയമാവാറുണ്ട്. 2010 ൽ പോൾ നീരാളിയും 2014 ൽ ഷഹീൻ ഒട്ടകവുമൊക്കെ ഇത്തരത്തിൽ പ്രശസ്‌തി നേടിയവരാണ്. ഇത്തരം പ്രവചനങ്ങൾ പലതും ശരിയായി വന്നുവെന്നതാണ് ഏറെ രസകരമായ വസ്‌തുത. ഈ ലോകകപ്പിലും ഇത്തരം പ്രവചനങ്ങൾ നടത്തുന്ന ഒരു ആരാധകൻ ശ്രദ്ധ നേടുകയാണ്.

എന്നാൽ വളരെ വ്യത്യസ്‌തമായ രീതിയിൽ പ്രവചനം നടത്തുന്ന ആളാണ് ജോമ്പ എന്ന ഒമാൻ സ്വദേശി. ആര് ജയിക്കും ആര് തോൽക്കും എന്ന് പ്രവചിക്കുകയല്ല ജോമ്പ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അൽ ഹജ്കരിയുടെ രീതി. അൽപം വ്യത്യസ്‍തമാണ് ആ പ്രവചനം. മത്സരം നടക്കുന്ന ദിവസം ജോമ്പ ഒരു ടീമിന്റെ ജേഴ്‌സി അണിഞ്ഞ് സ്റ്റേഡിയത്തിലെത്തും. അന്ന് ആ ടീം തോൽക്കും. ഇത് ആദ്യം നടന്നത് ഉദ്ഘാടന മത്സരത്തിലാണ്. ഇക്വഡോർ- ഖത്തർ മത്സരത്തിൽ ജോമ്പ ഖത്തർ ജേഴ്‌സി അണിഞ്ഞായിരുന്നു സ്റ്റേഡിയത്തിൽ എത്തിയത്. ഖത്തറിന് അന്ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

പക്ഷെ പിന്നീട് അർജന്റീന-സൗദി മത്സരത്തോടെയാണ് ജോമ്പയുടെ പ്രവചനങ്ങൾ രസകരമായി വന്നത്. അർജന്റീനയുടെ ജേഴ്‌സി അണിഞ്ഞ് ജോമ്പ കാണാനെത്തിയ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് അർജന്റീന ഏറ്റുവാങ്ങിയത്. തുടർന്ന് ക്വാർട്ടറിൽ ബ്രസീലിന്റെ ജേഴ്‌സിയും അണിഞ്ഞെത്തി ജോമ്പ. ക്രൊയേഷ്യയോട് ബ്രസീൽ തോറ്റത് ഷൂട്ടൗട്ടിൽ. പോർച്ചുഗൽ മൊറോക്കോയോട് തോറ്റ ക്വാർട്ടറിൽ പോർച്ചുഗൽ ജേഴ്‌സിയായിരുന്നു ജോമ്പയുടെ ദേഹത്ത്‌. അർജന്റീന ക്രൊയേഷ്യ സെമിയിൽ ജോമ്പ ധരിച്ചിരുന്നത് ക്രൊയേഷ്യയുടെ ജേഴ്‌സി. ക്രൊയേഷ്യയെ തകർത്ത് അർജന്റീന ഫൈനലിലേക്ക് പ്രവേശിച്ചു.

ലുസൈൽ സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഫൈനലിൽ എത്തുമെന്നാണ് ജോമ്പ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ ആശങ്കയിലാണ് ആരാധകർ. ജോമ്പ ആരുടെ ജേഴ്‌സിയണിഞ്ഞാണ് മത്സരത്തിനെത്തുന്നതെന്ന് അറിയാൻ വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Read More: ലോകത്തിലെ ഏറ്റവും വലിയ ഫ്രീസ്റ്റാൻഡിംഗ് സിലിണ്ടർ അക്വേറിയം തകർന്നു വീണു- ഒഴുകിപ്പോയത് പത്തുലക്ഷം ലിറ്റർ വെള്ളവും 1500 ഓളം മത്സ്യങ്ങളും

അതേ സമയം നാളെ രാത്രി 8.30 ന് ഫുട്‌ബോൾ ആരാധകർ ഏറെ കാത്തിരുന്ന ലോകകപ്പ് ഫൈനലിൽ മെസിയുടെ അർജന്റീന ഇപ്പോഴത്തെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. മെസിക്ക് വേണ്ടി ലോകകിരീടം നേടാൻ ഒരുങ്ങി തന്നെയാണ് അർജന്റീന ഇറങ്ങുന്നത്. എന്നാൽ എംബാപ്പെ, ജിറൂദ് എന്നിവരടങ്ങുന്ന ഫ്രഞ്ച് പട കരുത്തരാണ്.

Story Highlights: World cup matches prediction by fan