ഫിലിപ്പീൻസിൽ വയോധികന്റെ വീട് ചുമലിലേറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നാട്ടുകാർ- പിന്നിൽ കൗതുകകരമായ ഒരു കാരണവും..

December 2, 2022

ഉള്ളുതൊടുന്ന ഒരുപാട് കാര്യങ്ങൾ ദിവസേന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഓൺലൈനിൽ വൈറലായ ഒരു വിഡിയോയിൽ മുപ്പതോളം ആളുകൾ ചേർന്ന് ഒരു വൃദ്ധന്റെ വീടുതോളിലേറ്റി കൊണ്ടുപോകുകയാണ്. ഫിലിപ്പീൻസിലാണ് ഈ സംഭവം.

ഇപ്പോൾ വൈറലായ വിഡിയോയിൽ ഫിലിപ്പൈൻസിലെ സാംബോംഗ ഡെൽ നോർട്ടെയിലെ മൺപാതയിലൂടെ 7 അടി ഉയരമുള്ള ഒരു വീട് ചുമന്ന് ഏകദേശം 24 പേർ നടക്കുന്നത് കാണാം. ഇതിനുപിന്നിൽ ഒരു കൗതുകകരമായ കാരണവുമുണ്ട്.മകന്റെയും പേരക്കുട്ടികളുടെയും അടുത്തേക്ക് മാറിത്താമസിക്കാൻ ആഗ്രഹിച്ച വൃദ്ധനെ അയൽവാസികൾ ചേർന്ന് സഹായിച്ച കാഴ്ചയാണിത്.

ആളുകൾക്ക് വീടു ചുമന്ന് കൊണ്ടുപോകാൻ രണ്ട് മണിക്കൂർ എടുത്തെങ്കിലും വഴിയിലുണ്ടായിരുന്ന നാട്ടുകാർ അവരെ ആവോളം പ്രോത്സാഹനം നൽകി ഊർജസ്വലരാക്കി. ‘2 ഡസൻ ആളുകൾ ഫിലിപ്പൈൻസിലെ സാംബോംഗ ഡെൽ നോർട്ടെയിലെ ഒരു മൺപാതയിലൂടെ 7 അടി ഉയരമുള്ള വീട് ചുമന്നുകൊണ്ടുപോയി, ഇതിലൂടെ ഒരു മുത്തച്ഛന് തന്റെ മകനോടും പേരക്കുട്ടികളോടും കൂടുതൽ അടുക്കാൻ കഴിഞ്ഞു. കഠിനമായ ഈ പ്രവർത്തി പൂർത്തിയാക്കാൻ 2 മണിക്കൂർ എടുത്തു, പക്ഷേ വഴിയിൽ നാട്ടുകാർ അവരെ പ്രോത്സാഹിപ്പിച്ചു’- പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

ഏതാനും നാളുകൾക്ക് മുൻപ്. വെള്ളത്തിലൂടെ ഒരു വീട് വലിച്ചുനീക്കി മറ്റൊരിടത്തേക്ക് കൊണ്ടുപോയത് ശ്രദ്ധേയമായിരുന്നു.  കാനഡ സ്വദേശികളായ പൊന്നി, കിർക്ക് ലോവല്ലു എന്നിവർ ചേർന്നാണ് തങ്ങളുടെ സ്വപ്നഭവനത്തെ മാറ്റിസ്ഥാപിച്ചത്. വർഷങ്ങളായി ഇരുവരും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരു വീടായിരുന്നു ഇത്. എന്നാൽ സ്ഥലമുടമ വീട് പൊളിച്ചുനീക്കാൻ തീരുമാനിച്ചതോടെ ഇരുവരും അതീവ ദുഖത്തിലായി. എന്ത് വിലകൊടുത്തും വീട് സ്വന്തമാക്കാൻ തീരുമാനിച്ച ഇവർ ഉടൻതന്നെ സ്ഥലമുടമയോട് ഈ വീട് വാങ്ങി. അതിന് ശേഷം ജലമാർഗം അതിസാഹസമായി തങ്ങളുടെ സ്ഥലത്തേക്ക് ഈ വീട് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Story highlights- Locals carry elderly man’s house on their shoulders