ഡിസംബർ ആഘോഷം ബത്‌ലഹേം തെരുവുകളിൽ- വിഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ

December 14, 2022

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടും ആരാധകരോടുള്ള സ്നേഹം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലാണ് മഞ്ജു വാര്യർക്ക് സ്ഥാനം. സിനിമയിലേക്കുള്ള രണ്ടാം വരവിൽ മഞ്ജു വാര്യർ പുത്തൻ പരീക്ഷണങ്ങളുടെയും യാത്രകളുടെയും തിരക്കിലാണ്. ഈ ക്രിസ്മസ് കാലം ബത്ലഹേമിലാണ് മഞ്ജു വാര്യർ ആഘോഷിക്കുന്നത്. ബത്‌ലഹേം വീഥികളിൽ നടക്കുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.

നടനും അവതാരകനുമായ ആർ ജെ മിഥുൻ ആണ് വിഡിയോ പങ്കുവെച്ചത്. ‘മഞ്ജു ഇൻ ബത്‌ലഹേം’ എന്നാണ് വിഡിയോയുടെ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

Read Also: 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിടുന്നത്. ‘തുനിവ്’ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത്തിനൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നത്. സംവിധായകൻ എച്ച് വിനോദാണ് ചിത്രമൊരുക്കുന്നത്. അജിത്ത് തുടർച്ചയായി മൂന്നാം തവണയും എച്ച് വിനോദിനൊപ്പം സഹകരിക്കുന്നു.. ‘നേർക്കൊണ്ട പാർവൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും മുൻപ് ഒന്നിച്ചിട്ടുണ്ട്. 

Story highlights- manju warrier in bethlehem