മെസിയോടും മാർട്ടിനസിനോടും പറയാനുള്ളത്; മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ച് എംബാപ്പെ

December 29, 2022

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായിരുന്നു ഖത്തറിലേതെന്നാണ് കളിപ്രേമികളുടെ വിലയിരുത്തൽ. സംഘാടനം കൊണ്ടും മത്സരങ്ങളുടെ ആവേശം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ഖത്തർ ലോകകപ്പിൽ അന്തിമ വിജയം മെസിയുടെ അർജന്റീന സ്വന്തമാക്കി. അർജന്റീനയുടെയും ഇതിഹാസ താരം ലയണൽ മെസിയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ടീം ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്.

മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്.

എന്നാൽ ഫൈനലിന് ശേഷം ചില വിവാദങ്ങളും വലിയ ചർച്ചയായി മാറിയിരുന്നു. ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെയെ പരിഹസിച്ച് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ പ്രതികാരണങ്ങളും ആംഗ്യവിക്ഷേപങ്ങളുമൊക്കെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇപ്പോൾ ഈ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് എംബാപ്പെ.

ഫൈനലിന് ശേഷം മെസിയോട് സംസാരിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ജീവിതകാലം മുഴുവൻ മെസി കാത്തിരുന്നത് ലോകകിരീടത്തിനായാണെന്നും ആ നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നുവെന്നും പറയുകയാണ് താരം. മാർട്ടിനസുമായി ബന്ധപ്പെട്ട വിവാദത്തോടും എംബാപ്പെ പ്രതികരിച്ചു. മാർട്ടിനസിന്റെ ആഘോഷം തന്റെ പ്രശ്‌നമല്ലെന്നും അത്തരം അസംബന്ധങ്ങൾക്കു വേണ്ടി കളയാൻ സമയമില്ലെന്നുമാണ് താരം പറഞ്ഞത്.

Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ

അതേ സമയം 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ ഫൈനൽ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ടാണ് കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടത്. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: Mbappe reacts to martinez controversy