“അങ്ങനെയല്ല, പാടുമ്പോ കുറച്ചൂടെ ഫീല് വേണം..”; എം.ജി ശ്രീകുമാറിനെ ഉപദേശിച്ച് മേധക്കുട്ടി, വേദിയിൽ ചിരി പൊട്ടിയ നിമിഷം

December 22, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗന്റെ മൂന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് മേധ മെഹർ. ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ പാട്ടുവേദിയിലെ കുഞ്ഞു ഗായികയായ മേധക്കുട്ടിയുടെ കുസൃതി നിറഞ്ഞ സംസാരമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

‘തച്ചോളി അമ്പു’ എന്ന ചിത്രത്തിലെ “നാദാപുരം പള്ളിയിലെ..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് മേധക്കുട്ടി വേദിയിലെത്തിയത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് യൂസഫലി കേച്ചേരിയാണ്. മേധ ഈ പാട്ട് പാടുന്നതിന് മുൻപാണ് ഗായികയും എം.ജി ശ്രീകുമാറും തമ്മിലുള്ള രസകരമായ സംഭാഷണം നടന്നത്. ഈ പാട്ട് പാടേണ്ടത് എങ്ങനെയെന്ന് എം.ജി ശ്രീകുമാറിന് പറഞ്ഞു കൊടുക്കുകയായിരുന്നു മേധക്കുട്ടി. പാടുമ്പോൾ കുറച്ചൂടെ ഫീല് വേണമെന്നും മേധ പറഞ്ഞതോടെ വിധികർത്താക്കളും പ്രേക്ഷകരും പൊട്ടിച്ചിരിക്കുകയായിരുന്നു.

പാട്ടിനൊപ്പം കുഞ്ഞു ഗായകരുടെ കളി ചിരി തമാശകളും കുസൃതി നിറഞ്ഞ സംസാരവും പാട്ടുവേദിയിലെ സ്ഥിരം കാഴ്ച്ചയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.

Read More: പുതിയ രുചിക്കൂട്ടുകൾ പരീക്ഷിച്ച് മോഹൻലാലും പ്രണവും; ചിത്രങ്ങൾ വൈറലാവുന്നു

അതേ സമയം മറ്റൊരു എപ്പിസോഡിൽ കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Medha and m.g sreekumar funny conversation