പുതിയ രുചിക്കൂട്ടുകൾ പരീക്ഷിച്ച് മോഹൻലാലും പ്രണവും; ചിത്രങ്ങൾ വൈറലാവുന്നു

December 22, 2022

മോഹൻലാൽ എന്ന താരത്തിന്റെ മകൻ എന്നതിൽ നിന്ന് മാറി മലയാള സിനിമയിൽ ഒരു നടനെന്ന നിലയിൽ സ്വന്തമായി ഒരു വിലാസം ഉണ്ടാക്കിയെടുത്തിരിക്കുകയാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസികതയും ഏറെ ഇഷ്ടപെടുന്ന താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലാവാറുണ്ട്. പൊതുവേദികളിലും പരിപാടികളിലും വളരെ അപൂർവ്വമായി മാത്രം പങ്കെടുക്കാറുള്ള പ്രണവിനെ പറ്റിയുള്ള വാർത്തകളൊക്കെ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോൾ പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. മോഹൻലാലിന്റെ പാചക പരീക്ഷങ്ങളിൽ ഒപ്പം കൂടുന്ന പ്രണവിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഒരു നീണ്ട യൂറോപ്യൻ യാത്രയിലായിരുന്നു അദ്ദേഹം. 800 മൈലുകൾ കാൽനടയായി യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യൻ പര്യടനത്തെ കുറിച്ച് നേരത്തെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നത്.

അതേ സമയം ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്തുള്ള ചിത്രം തുടങ്ങുന്നതിന്റെ തിരക്കിലാണ് മോഹൻലാൽ. ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ മോഹൻലാലും ലിജോയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ ഒക്ടോബറിൽ നടന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സിനിമയെക്കുറിച്ചുള്ള ഒരു പുതിയ പ്രഖ്യാപനം ഇന്നലെ വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഡിസംബർ 23 ന് പ്രഖ്യാപിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സമൂഹമാധ്യമങ്ങളിൽ ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്ന ചിത്രങ്ങളാണിതെന്നാണ് ആരാധകർ കരുതുന്നത്.

Read More: “വെല്ലുവിളികൾ നിറഞ്ഞ സിനിമയാണത്..”; മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ പറ്റി മനസ്സ് തുറന്ന് പൃഥ്വിരാജ്

മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.”- ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Story Highlights: Mohanlal and pranav photos