ആശുപത്രിയിൽ കഴിയുന്ന പെലെയ്ക്ക് ബ്രസീൽ ടീമിന്റെ സ്നേഹസന്ദേശം…
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ബ്രസീൽ തയ്യാറെടുക്കുമ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് ഇതിഹാസ താരം പെലെ. കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ പെലെയ്ക്ക് ബ്രസീൽ ടീം അയച്ച സ്നേഹസന്ദേശമാണ് ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാകാന്‍ എല്ലാവരും ആശംസ നേരുന്നുവെന്ന സന്ദേശമാണ് ബ്രസീല്‍ കോച്ച് ടിറ്റേ അയച്ചത്. പെലെ ആരോഗ്യത്തോടെ ഇരിക്കണമെന്നതാണ് ടീമിലെ ഓരോരുത്തരുടേയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്. പതിവ് പരിശോധനകള്‍ക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകള്‍ കെലി നാസിമെന്റോ പ്രതികരിച്ചു. സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് ഇപ്പോള്‍ പെലെയുള്ളത്. ട്യൂമര്‍ നീക്കം ചെയ്‌ത ശേഷം പതിവ് പരിശോധനകള്‍ക്കായി അദ്ദേഹം സ്ഥിരമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്.
അതേ സമയം സൂപ്പർ താരം നെയ്‌മറില്ലാതെയാണ് ബ്രസീൽ ഇന്ന് കാമറൂണിനെതിരെ ഇറങ്ങുന്നത്. ലോകകപ്പിൽ ബ്രസീൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുമ്പോഴും സൂപ്പർ താരം നെയ്‌മറിന്റെ പരിക്ക് ആരാധകർക്ക് വലിയ നൊമ്പരമാവുകയാണ്. നേരത്തെ രണ്ട് മത്സരങ്ങൾ താരത്തിന് കളിക്കാനാവില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ ലോകകപ്പ് തന്നെ നെയ്‌മറിന് നഷ്ടമാവുമോയെന്ന ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം കണങ്കാലിനേറ്റ പരിക്കിന്റെ ചിത്രങ്ങൾ താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകരുടെ ആശങ്ക ഇരട്ടിയായത്. നെയ്‌മറിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെട്ടത്.
Story Highlights: Message for pele from brazil