“ഞാൻ ശക്തനാണ്, എല്ലാവർക്കും നന്ദി..ലോകകപ്പിൽ ബ്രസീലിനെ കാണുക..”; ആരാധകർക്ക് ആശുപത്രിയിൽ നിന്ന് പെലെയുടെ സന്ദേശം

December 4, 2022

ബ്രസീലിന്റെ ഇതിഹാസ താരം പെലെയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടലില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വർഷം പെലെയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. നീര്‍ക്കെട്ടിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താന്‍ ശക്തനായിരിക്കുന്നുവെന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ് പെലെ. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് പെലെയുടെ പ്രതികരണം.

എല്ലാവരെയും പോസിറ്റീവായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ചികിത്സ തുടരുകയാണ്. തന്നെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും പെലെ കുറിച്ചു. “എന്റെ സുഹൃത്തുക്കളേ, എല്ലാവരേയും ശാന്തമായും പോസിറ്റീവായും നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ശക്തനാണ്. വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ചികിത്സ പിന്തുടരുന്നു. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മുഴുവന്‍ മെഡിക്കല്‍, നഴ്‌സിംഗ് ടീമിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ദൈവത്തില്‍ വളരെയധികം വിശ്വാസമുണ്ട്, ലോകമെമ്പാടുമുള്ള നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ ഓരോ സന്ദേശവും എന്നെ ഊര്‍ജ്ജസ്വലനാക്കുന്നു. ലോകകപ്പില്‍ ബ്രസീലിനെ കൂടി കാണുക! എല്ലാത്തിനും വളരെ നന്ദി’- പെലെ കുറിച്ചു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ പെലെയ്ക്ക് ബ്രസീൽ ടീമയച്ച സ്നേഹസന്ദേശം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. അദ്ദേഹത്തിന് നല്ല ആരോഗ്യമുണ്ടാകാന്‍ എല്ലാവരും ആശംസ നേരുന്നുവെന്ന സന്ദേശമാണ് ബ്രസീല്‍ കോച്ച് ടിറ്റേ അയച്ചത്. പെലെ ആരോഗ്യത്തോടെ ഇരിക്കണമെന്നതാണ് ടീമിലെ ഓരോരുത്തരുടേയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്ന് തന്നെ അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചിരുന്നു. പതിവ് പരിശോധനകള്‍ക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകള്‍ കെലി നാസിമെന്റോ പ്രതികരിച്ചു. സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് ഇപ്പോള്‍ പെലെയുള്ളത്. ട്യൂമര്‍ നീക്കം ചെയ്‌ത ശേഷം പതിവ് പരിശോധനകള്‍ക്കായി അദ്ദേഹം സ്ഥിരമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്.

Story Highlights: Message from pele to fans